കൊച്ചി: ഗുണനിലവാരം ഇല്ലാത്തതോ കുറഞ്ഞതോ ആയ മരുന്നുകൾ വിപണിയിലെത്തിച്ചാൽ നിർമാതാവിനു മാത്രമല്ല, വിതരണക്കാരനും ഇനി പണികിട്ടും. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിതരണക്കാരും ഉത്തരവാദികളാണെന്ന തരത്തിൽ 1945ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് റൂളിൽ ഭേദഗതി വരുത്താനൊരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ടുള്ള കരട് വിജ്ഞാപനം ജൂൺ 24ന് പുറത്തിറക്കി.
നിലവിൽ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് റൂൾസ് പ്രകാരം മരുന്നുകളുടെ നിലവാരത്തിനും ലേബലിങ്ങിനും ഉത്തരവാദികൾ നിർമാതാവ് മാത്രമാണ്. വിപണന മേഖലക്ക് ഉൽപന്നങ്ങൾ സ്റ്റോക്കെടുക്കാനും വിൽക്കാനുമുള്ള ലൈസൻസ് മാത്രം മതി. എന്നാൽ, ഭേദഗതി നിലവിൽവരുന്നതോടെ മോശം നിലവാരത്തിലുള്ള മരുന്നുകൾ വിപണിയിലെത്തിച്ചാൽ വിതരണക്കാരനെതിരെയും അധികൃതർക്ക് നടപടി സ്വീകരിക്കാം. ഔഷധ നിർമാതാവിനെ കൂടാെത മാർക്കറ്റ് ചെയ്യുന്ന കമ്പനിയുടെ പേരും വിലാസവും മരുന്നിനുപുറത്ത് എഴുതണമെന്നും വിജ്ഞാപനത്തിൽ നിർദേശമുണ്ട്. ലോകത്തുതന്നെ ഏറ്റവും വലിയ ഔഷധ വിപണികളിലൊന്നായ ഇന്ത്യയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ യഥേഷ്ടം വിറ്റഴിക്കപ്പെടുന്നുണ്ട്. വ്യാജ പേരുകളുപയോഗിച്ച് പല വിതരണക്കാരും മരുന്ന് വിപണിയിലെത്തിക്കുന്നതും വ്യാപകമാണ്. കൃത്യമായ പേരോ വിലാസമോ ഇല്ലാത്തതിനാൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി അപ്രായോഗികമാണ്.
70 വർഷം മുമ്പ് രാജ്യത്ത് 10 കോടിയുടെ ആഭ്യന്തര മരുന്നുൽപാദനമാണ് നടന്നിരുന്നതെങ്കിൽ ഇന്നത് 1,30,000 കോടിയുടേതായി മാറി.
യു.എസ് ഉൾെപ്പടെ വിദേശ രാജ്യങ്ങളിലേക്ക് വൻതോതിൽ ഔഷധങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യംകൂടിയാണ് ഇന്ത്യ. ഇതിൽ തന്നെ ഏറ്റവും കൂടുതൽ മരുന്നുകച്ചവടം നടക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ, സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന 20,000 കോടിയുടെ മരുന്നിൽ 90 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്നവയാണ്.
എക്സൈസ് നികുതി ഈടാക്കാത്ത മേഖലകളായ ഹിമാചൽപ്രദേശ്, ഉത്തരഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇവയിലേറെയും എത്തുന്നത്. ജി.എസ്.ടി നിലവിൽവരും മുമ്പ് ഇവിടുത്തെ ഉൽപാദകർക്ക് ആദായനികുതി ഇളവുകളുമുണ്ടായിരുന്നു. ഇക്കാരണത്താൽ ലൈസൻസുള്ള ആർക്കും കുറഞ്ഞ ചെലവിൽ മരുന്നുൽപാദകരാവുകയും ഗുണനിലവാരം ഇല്ലെങ്കിലും അവ കേരളത്തിലുൾെപ്പടെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നത് സാധാരണമാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.