മദ്യം കഴിക്കാത്തവർക്ക്​ കരൾരോഗങ്ങൾ പ്രത്യേകിച്ച്​ മാരകരോഗമായ ലിവര്‍ സിറോസിസ് (liver cirrhosis) വരുമോ...? സാധ്യതയില്ല എന്നായിരിക്കും പലരും പറയുന്ന ഉത്തരം. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്​. ഈ അടുത്തകാലത്തായി മദ്യപാനികളിൽ കാണുന്ന അത്രയും തോതിൽ കരൾരോഗങ്ങൾ മദ്യപിക്കാത്തവരിലും കാണുന്നുണ്ട്​. ഇതിനെ നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്​ (NAFLD) എന്നാണ്​ വിളിക്കുന്നത്​.

ജീവിതശൈലീരോഗങ്ങളുടെ ആധിക്യംമൂലം ഈ രോഗം സാധാരണമായിട്ടുണ്ടെങ്കിലും സ്ഥിരമായി മദ്യപിക്കുന്നവരില്‍ മാത്രം കണ്ടുവരുന്ന രോഗമാണ് ഇതെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ ശക്​തമായിട്ടുണ്ട്​. അതുകൊണ്ടുതന്നെ പൊതുവെ മാന്യമായി ജീവിച്ചുവരുന്നവരെ ലിവര്‍ സിറോസിസ് ബാധിച്ചാൽ അവരെ ബന്ധുക്കളും ചുറ്റിലുമുള്ളവരും സംശയത്തോടെയാണ്​ നോക്കുന്നത്​. രോഗിക്ക്​ ആരും അറിയാതെ അതിരഹസ്യമായി മദ്യപിക്കുന്ന സ്വഭാവം ഉ​ണ്ടെന്ന്​ സമൂഹം കരുതുകയും ചെയ്യുന്നു.

എന്തുകൊണ്ട്​ ഇങ്ങനെ?

പോഷകാഹാരങ്ങൾക്ക്​ പ്രാധാന്യം നൽകാതെയുള്ള ഫാസ്​റ്റ്​ ഫുഡ്​, ബേക്കറി ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, വ്യായാമമില്ലായ്​മ, മാനസിക സമ്മർദം തുടങ്ങി ജീവിതശൈലി സൃഷ്​ടിക്കുന്ന പ്രമേഹം, അമിതവണ്ണം, കുടവയര്‍, രക്തത്തില്‍ അധികമായി കൊഴുപ്പി​​െൻറ അംശം കാണപ്പെടുന്ന ഹൈപ്പര്‍ലിപിഡേമിയ (hyperlipidemia) അല്ലെങ്കിൽ അമിത കൊളസ്​ട്രോൾ തുടങ്ങിയ രോഗങ്ങൾ അപകടകരമായ തോതിൽ വർധിച്ചുവരുന്നതി​െൻറ ഭാഗമായാണ്​ ഭൂരിഭാഗം പേരിലും കരൾവീക്കം (Fatty liver disease) കണ്ടുവരുന്നത്​.

ഇത്തരം ജീവിതശൈലി രോ​ഗങ്ങൾ മൂലം കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുന്നതുമൂലമാണ്​ കരൾവീക്കം സംഭവിക്കുന്നത്​. സമീപകാലത്തായി നല്ലൊരു ശതമാനം പേരിലും കരൾവീക്കം കണ്ടുവരുന്നുണ്ടെങ്കിലും അത്​ വലിയ തോതിൽ ആരോഗ്യപ്രശ്​നങ്ങൾ സൃഷ്​ടിക്കാറില്ല. അതേസമയം, വളരെ കുറച്ച് ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും തുടർന്ന്​ ചികിത്സ വൈകിയാൽ ലിവർ സിറോസിസിനും കാരണമാകുന്നു.

ഇതിനുപുറമെ വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, സ്വയം പ്രതിരോധസംവിധാനങ്ങളിലെ തകരാറ്​, ശരീരത്തിലെ ഉപാപചയ (Metabolism) പ്രവര്‍ത്തനങ്ങളിലെ താളപ്പിഴകൾ മൂലം അമിതതോതിൽ രാസവസ്​തുക്കള്‍ കരളിൽ അടിഞ്ഞുകൂടൽ തുടങ്ങിയവയും ലിവര്‍ സിറോസിസിന് കാരണമാകാറുണ്ട്.

രോഗലക്ഷണങ്ങൾ

തുടക്കത്തിൽ രോഗലക്ഷണങ്ങള്‍ പുറത്തുകാണാത്തതിനാൽ രോഗം പെട്ടെന്ന് തിരിച്ചറിയാനാവില്ല. കരളി​െൻറ 70 ശതമാനവും പ്രവർത്തനരഹിതമാകുന്നതോടെയാണ്​ നേരിയതോതിലെങ്കിലും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, ഭക്ഷണത്തോട്​ വിമുഖത, അസ്വസ്ഥത, ഭാരക്കുറവ് എന്നീ ലക്ഷണങ്ങളാണ്​ ആദ്യഘട്ടത്തിൽ കാണാനാവുക.

എങ്ങനെ കണ്ടെത്താം

പലപ്പോഴും മറ്റു ശാരീരിക അസുഖങ്ങളുടെ ഭാഗമായോ ഹെൽത്ത്​ ചെക്കപ്പി​െൻറ ഭാഗമായോ നടത്തുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ്​​, ലിവര്‍ ഫങ്ഷന്‍ ടെസ്​റ്റ്, രക്​തപരിശോധന​ എന്നിവ നടത്തു​േമ്പാഴാണ്​ രോഗം കണ്ടെത്തുക. ഇത്തരം പരിശോധനകൾക്ക്​ വിധേയമാകാത്തവരിൽ പ്രകടമായ ലക്ഷണങ്ങളില്ലാതെ വളരെ സാവധാനത്തിലാണ്​ കരളിൽ സിറോസിസ് വ്യാപിക്കുന്നത്.


മാരകമാവു​േമ്പാൾ

ആന്തരികാവയവങ്ങളായ വന്‍കുടല്‍, പ്ലീഹ എന്നിവയില്‍നിന്നുള്ള രക്തം കരളിലെത്തിക്കുന്നത്​ നേരിയ ധമനികളിലൂടെയാണ്​. ഈ ധമനികളിൽനിന്ന്​ എത്തുന്ന രക്​തത്തെ സിറോസിസ് ബാധിച്ച കരൾ കടത്തിവിടാതെ തടയുന്നു. ഇതി​െൻറ ഫലമായി ധമനികളിൽ രക്തത്തി​െൻറ സമ്മർദം കൂടുകയും രക്തക്കുഴലുകള്‍ വീർത്ത്​ പൊട്ടുകയും ചെയ്യുന്നു. ഇങ്ങനെ ധമനികൾ പൊട്ടിയാല്‍ രോഗിയിൽ ആന്തരിക രക്​തസ്രാവം ഉണ്ടാവുകയും തുടർന്ന്​ രക്തം ഛർദിച്ച് മാരകാവസ്​ഥയിലാവുകയും ചെയ്യുന്നു. സിറോസിസ് ബാധ രൂക്ഷമാകുന്നതോടെ കരളിലെ കൊഴുപ്പി​െൻറ സംശ്ലേഷണം നടക്കാതെ വരുകയും അത്​ ശരീരത്തിലെ ഫ്ലൂയിഡ് സന്തുലിതാവസ്ഥയെ തകിടം മറിച്ച്​ കോശങ്ങളിൽ നീരുവന്ന്​ കൈകാലുകളും അടിവയറും വീർക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ആഹാരം, മരുന്നുകൾ തുടങ്ങിയവിലൂടെ ശരീരത്തിൽ എത്തുന്ന വിഷാംശങ്ങള്‍ നീക്കംചെയ്യുന്നത് കരളാണ്. കരളി​െൻറ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ അത്​ രോഗിയുടെ ഓർമയെ ബാധിക്കുകയും തലച്ചോറില്‍ വിഷാംശം (Toxins) കെട്ടിക്കിടക്കുന്ന ഗൗരവമാര്‍ന്ന ഹെപാറ്റിക് എന്‍സെഫലോപതി (hepatic encephalopathy)എന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

ചികിത്സ

എല്ലാ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസും മാരകമായ ലിവർ സിറോസിസ്​ ആകാറില്ലെങ്കിലും കരൾവീക്കം കണ്ടെത്തിയാൽ അത്​ മാരകമായി മാറാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്​. ഇതിൽ ഏറ്റവും പ്രധാനം ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ഇടവിട്ട കാലയളവുകളിൽ കരളി​​െൻറ പ്രവർത്തനം പരിശോധനകളിലൂടെ നിരീക്ഷിക്കുകയും ചെയ്യണം.

തുടക്കത്തിൽ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ഗരുതരാവസ്​ഥയിൽ കരൾ മാറ്റിവെക്കലുമാണ്​ പരിഹാരം. ചികിത്സയോടൊപ്പം പതിവായി വ്യായാമം ചെയ്യുക, സമീകൃത ഭക്ഷണക്രമം പാലിക്കുക, സിഗരറ്റ്, മദ്യം എന്നിവ ഒഴിവാക്കുക തുടങ്ങിയ ജീവിതശൈലിയിലെ മാറ്റങ്ങൾ നടപ്പാക്കുകയും വേണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.