കൊച്ചി: രോഗപ്രതിരോധത്തിന് മാർഗനിർദേശങ്ങൾ നൽകിയും വിദഗ്ധ ചികിത്സയിലൂടെ മറ്റുള്ളവരുടെ ആരോഗ്യവും ആയുസ്സും ഉറപ്പാക്കാൻ കഷ്ടപ്പെടുന്ന ഡോക്ടർമാർക്ക് കേരളത്തിൽ ആയുർദൈർഘ്യം കുറയുന്നതായി പഠനം. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 67.9 വയസ്സാണ്. മലയാളിയുടേത് 74.9 വയസ്സും. എന്നാൽ, കേരളത്തിലെ ഡോക്ടർമാരുടെ ശരാശരി ആയുർദൈർഘ്യം 61.75 വയസ്സ് മാത്രമാണെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ (െഎ.എം.എ) ഗവേഷണവിഭാഗം നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഹൃദയസംബന്ധമായ രോഗങ്ങളും അർബുദവുമാണത്രെ ഭൂരിഭാഗം ഡോക്ടർമാരെയും അകാലമരണത്തിലേക്ക് നയിക്കുന്നത്. ആരോഗ്യസംരക്ഷണത്തെക്കുറിച്ച് കൂടുതൽ അറിയാവുന്നവർക്കുപോലും ആയുസ്സ് കുറവാണെന്ന കണ്ടെത്തൽ ഡോക്ടർമാരെതന്നെ അമ്പരപ്പിച്ചിരിക്കുകയാണ്.
െഎ.എം.എയുടെ സാമൂഹികസുരക്ഷ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ കഴിഞ്ഞ പത്തുവർഷത്തെ മരണനിരക്കാണ് പഠനവിധേയമാക്കിയത്. പദ്ധതിയിൽ അംഗങ്ങളായ 10,000 ഡോക്ടർമാരിൽ 282 പേർ പത്തുവർഷത്തിനിടെ മരിച്ചു. ഇവരിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. 27 ശതമാനം പേർ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലവും 25 ശതമാനം അർബുദം മൂലവും രണ്ടുശതമാനം മറ്റുരോഗങ്ങൾ മൂലവുമാണ് മരിച്ചത്. ആത്മഹത്യ ചെയ്തവർ ഒരുശതമാനമാണ്. മരണകാരണങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടന്നിട്ടില്ലെങ്കിലും ജോലിയിലെ സമ്മർദമാണ് മിക്കവരെയും നേരേത്ത രോഗികളാക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡോക്ടർമാരുടെ ജോലിസമയം ക്രമപ്പെടുത്തണമെന്നും സർക്കാർതലത്തിൽ സാമൂഹികസുരക്ഷ പദ്ധതി നടപ്പാക്കണമെന്നും െഎ.എം.എ മുൻ പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ്കുമാർ പറയുന്നു.
മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളിലുണ്ടാകുന്ന ശ്രദ്ധ പലപ്പോഴും സ്വന്തം കാര്യത്തിൽ ഡോക്ടർമാർക്ക് ഉണ്ടാകാറില്ല. കൃത്യമായ പരിശോധനകൾ നടത്തുന്നവർപോലും ചുരുക്കം. ഡോക്ടർമാർ മറ്റുള്ളവരേക്കാൾ 10വർഷം നേരേത്ത മരിക്കുന്നതായി െഎ.എം.എ ദേശീയതലത്തിൽ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. കേരളത്തിൽ ഇത് 13 വർഷമാണ്. പഠനത്തിെൻറ അടിസ്ഥാനത്തിൽ അംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ, ജീവിതശൈലി, ഭക്ഷണശീലം എന്നിവയെക്കുറിച്ച് വിശദമായി പഠിക്കാൻ െഎ.എം.എ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.