ജിദ്ദ: സൗദി അറേബ്യയിൽ ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച മലയാളി നഴ്സുമാർക്ക് ഗൾഫ് മാധ്യമവും പ്രമുഖ IELTS/OET/മെഡിക്കൽ എൻജിനീയറിങ് കോച്ചിങ് സെന്ററും മാൻപവർ റിക്രൂട്ട്മെന്റ് ലൈസൻസ് കമ്പനിയുമായ 'അജിനോറ'യും ചേർന്ന് പ്രഖ്യാപിച്ച നഴ്സസ് എക്സലൻസ് അവാർഡിന് സൗദി പടിഞ്ഞാറൻ മേഖലയിൽ ബ്ലെൻസി കുര്യൻ അർഹയായി. സൗദി ആരോഗ്യ മന്ത്രാലയത്തിൽ 19 വർഷത്തെ സേവനപാരമ്പര്യമുള്ള ഇവർ നിലവിൽ ഈസ്റ്റ് ജിദ്ദ ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യുവിൽ നഴ്സായി സേവനമനുഷ്ഠിക്കുന്നു. അര ലക്ഷം രൂപയും പ്രശംസാഫലകവുമടങ്ങുന്ന പുരസ്കാരം ജിദ്ദയിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടി മഞ്ജു വാര്യരിൽനിന്നു ബ്ലെൻസി കുര്യൻ ഏറ്റുവാങ്ങി.
ജോലി എന്നതിലുപരി നഴ്സിങ്ങിനെ ജീവൻരക്ഷാ ദൗത്യമായി കാണുന്ന, ആത്മസമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആതുരശുശ്രൂഷകരെ കണ്ടെത്തി അർഹിക്കുന്ന അംഗീകാരവും ആദരവും നൽകുകയും അവരുടെ മഹനീയ സേവനപന്ഥാവിൽ പ്രോത്സാഹനവും പിന്തുണയുമായി ഒപ്പം ചേരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് മാധ്യമവും അജിനോറയും ഇത്തരമൊരു പുരസ്കാരം പ്രഖ്യാപിച്ചത്. നേരത്തേ അറിയിച്ചപ്രകാരം പൊതുജനങ്ങളിൽനിന്ന് ലഭിച്ച നാമനിർദേശങ്ങളിൽനിന്ന് വിദഗ്ധരടങ്ങിയ ജൂറിയാണ് പടിഞ്ഞാറൻ മേഖല പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.
15 വർഷത്തോളം ജിദ്ദ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ നഴ്സായിരുന്ന കോട്ടയം സ്വദേശിനിയായ ബ്ലെൻസി കുര്യൻ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചും മലയാളികൾക്ക് എന്ത് ചികിത്സാസംബന്ധമായ ആവശ്യമുണ്ടായാലും എപ്പോഴും വിളിച്ചാൽ സഹായവുമായി സേവനരംഗത്തുണ്ടാവുന്നവരാണ്.
സാമൂഹിക പ്രവർത്തകരും സർക്കാർ ആശുപത്രിയിൽനിന്നു പെട്ടെന്ന് ആർക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടായാൽ ഇവരുമായാണ് ബന്ധപ്പെടാറുള്ളത്. കോവിഡ് കാലത്ത് ഒട്ടേറെ പേർക്ക് താങ്ങും തണലുമായി നിന്ന് പ്രവർത്തിച്ച ഇവർ അക്കാലത്ത് സോഷ്യൽ മീഡിയ വഴി അപ്പപ്പോൾ അപ്ഡേറ്റ് ചെയ്തിരുന്ന വിവരങ്ങൾ ജിദ്ദയിലെ മലയാളികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.
അവാർഡായി ലഭിച്ച തുകയിൽനിന്ന് പകുതിസംഖ്യ അശരണരും പരസഹായവുമില്ലാത്ത കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സാസഹായത്തിനായി വിനിയോഗിക്കുമെന്ന് ബ്ലെൻസി കുര്യൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്ന മാത്യു വർഗീസാണ് ബ്ലെൻസി കുര്യന്റെ ഭർത്താവ്. വിദ്യാർഥികളായ റിയോണ സൂസൻ മാത്യു, റയാൻ മാത്യു എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.