ശ്വാസകോശസ്തംഭനം മുതൽ അർബുദത്തിനുവരെ കാരണമാകുന്ന നിക്കോട്ടിെൻറ അളവ് കുറച്ച് സിഗരറ്റുകളെ മാരകമല്ലാതാക്കാനുള്ള നീക്കം അമേരിക്കയിൽ പുരോഗമിക്കുന്നു. അമേരിക്കൻ സർക്കാറിെൻറ ഒൗഷധ ഭക്ഷ്യനിയന്ത്രണവിഭാഗം (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ-എഫ്.ഡി.എ) ആണ് ഇൗ ചുവടുവെപ്പുമായി രംഗത്തുവന്നത്. നിക്കോട്ടിെൻറ അളവ് കുറക്കുന്നതിനുള്ള ചരിത്രത്തിലെ ആദ്യത്തെ ഉറച്ച കാൽവെപ്പാണിത്. എൺപത് ലക്ഷം സിഗരറ്റ് അഡിക്റ്റുകളെ ഇൗ നടപടി മൂലം രക്ഷിക്കാനാകുമെന്ന് എഫ്.ഡി.എ അവകാശപ്പെടുന്നു.
എഫ്.ഡി.എ കമീഷണർ സ്കോട്ട് ഗോട്ലിബിയുമായി സംഭാഷണം നടത്താൻ എനിക്ക് ഇൗയിടെ അവസരം ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ ദാവോസിൽ ചേർന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ സംബന്ധിക്കാനെത്തിയപ്പോഴാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. പുകവലി ശീലം ഇല്ലാതാക്കാൻ എഫ്.ഡി.എ ദൃഢനിശ്ചയം ചെയ്തിരിക്കയാണെന്ന് അദ്ദേഹം അറിയിച്ചു. സിഗരറ്റുകളിലെ നിക്കോട്ടിൻ അളവ് ക്ലിപ്തപ്പെടുത്തുന്നതു വഴി ലഹരിക്ക് അടിപ്പെടുന്നതിൽനിന്ന് ജനങ്ങളെ മോചിപ്പിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.
പുകവലിശീലം അമേരിക്കയിൽ ഗണ്യമായി കുറഞ്ഞുവരുന്നു എന്നതാണ് യാഥാർഥ്യം. മുതിർന്നവരിൽ പുകവലിക്കാർ 15 ശതമാനം മാത്രം. അതേസമയം, പുകയില മൂലമുണ്ടാകുന്ന രോഗങ്ങൾ നിമിത്തം പ്രതിവർഷം 4,80,000 മരണങ്ങൾ സംഭവിക്കുന്നു. ലോകത്തൊരിടത്തും റെഗുലേറ്ററി ഏജൻസികൾ നിക്കോട്ടിൻ കുറയ്ക്കൽ എന്ന നിർദേശം സമർപ്പിച്ചിരുന്നില്ല. കേരളത്തിലെ സ്ഥിതിവിശേഷം അതിഗുരുതരമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ പ്രതിവർഷം 35,000 പുതിയ കാൻസർ കേസുകൾ ഉണ്ടാകുന്നുണ്ട്. ഇവയിൽ 50 ശതമാനം അർബുദബാധ തൊണ്ടയിലും വായിലും ശ്വാസകോശത്തിലുമാണ്. 15 ശതമാനം സ്ത്രീകളിലും പുകവലി, മദ്യപാനം എന്നിവ മൂലമുള്ള അർബുദബാധയുണ്ട്. കേരളത്തിൽ പുകവലിക്കാരിൽ 50 ശതമാനം കാൻസർബാധിതരാണ്.
പുരുഷന്മാർക്ക് പുറമെ സ്ത്രീകളിലും കുട്ടികളിലും ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗം കണ്ടുവരുന്നു. പുകവലി നിരോധിച്ച സ്ഥലങ്ങളിൽ ചവയ്ക്കുന്ന പുകയിലയുടെ ഉപയോഗം വർധിക്കുകയാണ്. സമീപവർഷങ്ങളിൽ സംസ്ഥാനത്ത് പുകയില ഉപയോഗിക്കുന്നതുമൂലമുള്ള കാൻസർ വർധിച്ചുവരുന്നതായും കണക്കുകൾ പറയുന്നു. ‘സ്മോക് ഫ്രീ’ തലമുറ എന്ന സങ്കൽപം സാക്ഷാത്കരിക്കാൻ കേരളം ഇനിയും കൂടുതൽ മൂർത്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പുകവലി നിരുത്സാഹപ്പെടുത്താൻ കൂടുതൽ ക്ലിനിക്കുകൾ സ്ഥാപിക്കുകയും വേണം.
റസ്റ്റാറൻറുകൾ, പാർക്കുകൾ, ഫാക്ടറികൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ പുകവലി പൂർണമായി നിരോധിക്കണം. കൂടുതൽ സ്മോക് ഫ്രീ മേഖലകൾ പ്രഖ്യാപിച്ചുകൊണ്ടോ സിഗരറ്റുകളുടെ വില വർധിപ്പിച്ചുകൊണ്ടോ പുകവലിക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കേണ്ടതുണ്ട്. പുകവലി മേലിൽ സാമൂഹികമായി സ്വീകാര്യമായ സ്വഭാവമാകാൻ പാടില്ല.
(എൻ.എം.സി ഹെൽത്ത് പ്ലസ് സി.ഇ.ഒയും എക്സിക്യൂട്ടിവ് ഡയറക്ടറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.