കൊച്ചി: അമിതവണ്ണം കുറക്കാൻ അത്യുത്തമമെന്ന പേരിൽ മാരക പാർശ്വഫലങ്ങൾക്കും കരൾരോഗത്തിനും വഴിവെക്കുന്ന മരുന്നുകൾ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിക്കുന്നു. പ്രോട്ടീൻ പൗഡറുകളുടെയും പാനീയങ്ങളുടെയും മറ്റ് ഭക്ഷ്യോൽപന്നങ്ങളുടെയും രൂപത്തിൽ ലഭിക്കുന്ന ഇവയുടെ പ്രധാന ഉപഭോക്താക്കൾ യുവാക്കളാണ്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ന്യുട്രീഷ്യൻ ക്ലബ്ബുകൾ വഴിയാണ് ബഹുരാഷ്ട്ര കമ്പനികളുടെ ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത്.
ഔഷധ, പഥ്യാഹാര ചേരുവകൾ (ഹെർബൽ ആൻഡ് ഡയട്രി സപ്ലിമെൻറ്സ്) വിഭാഗത്തിൽപെടുത്തിയാണ് വിൽപന. ഇതിന് ലൈസൻസ് ആവശ്യമില്ല. ജിംനേഷ്യങ്ങളുടെ മറവിലും വിൽപന സജീവമാണ്. ജ്യൂസിെൻറയും പ്രോട്ടീൻ പൗഡറുകളുടെയും ഗുളികകളുടെയും രൂപത്തിൽ വിൽക്കാൻ വെച്ച ഇവ അടുത്തിടെ കോട്ടക്കലിൽനിന്നും കാസർകോട്ടുനിന്നും പിടികൂടിയിരുന്നു.
മാസങ്ങൾക്കുമുമ്പ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾരോഗത്തിന് ചികിത്സ തേടിയ 24കാരിയെ മരണത്തിലേക്ക് നയിച്ചത് ഇത്തരം മരുന്നിെൻറ ഉപയോഗമാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. ശരീരസൗന്ദര്യത്തിലുള്ള യുവാക്കളുടെ താൽപര്യം മുതലെടുത്ത് വൻ വിലയ്ക്കാണ് ഇവ വിൽക്കുന്നത്. ഒരുമാസത്തെ ഉപയോഗത്തിന് ചുരുങ്ങിയത് 10,000 രൂപയാണ് ചെലവ്. കൊച്ചിയിൽ മരിച്ച യുവതി രണ്ടുമാസത്തെ മരുന്ന് ഉപയോഗത്തിലൂടെയാണ് കടുത്ത കരൾ രോഗിയായത്. ഇവയിലെ ലോഹങ്ങളുടെ സാന്നിധ്യം കരളിന് പുറമെ ഹൃദയം, വൃക്ക, നാഡീവ്യവസ്ഥ എന്നിവയെയും സാരമായി ബാധിക്കുമെന്ന് എറണാകുളം മെഡിക്കൽ സെൻററിലെ കരൾരോഗ വിഭാഗം മേധാവി ഡോ. അബി ഫിലിപ് പറയുന്നു. പാർശ്വഫലങ്ങളെക്കുറിച്ച പഠനമോ ക്ലിനിക്കൽ പരിശോധനയോ ഇല്ലാതെ നിർമിക്കുന്ന ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ന്യുട്രീഷ്യൻ ക്ലബ്ബുകളിൽ യഥേഷ്ടം ലഭിക്കും.
വണ്ണം കുറക്കാനുള്ള കൃത്രിമ ഉൽപന്നങ്ങളിൽ വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ബ്യൂട്രോലാക്ടോൺ, ലെഡ്, ആർസനിക്, ബേരിയം, കാഡ്മിയം, രോഗം വരുത്താൻ ശേഷിയുള്ള അണുക്കൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഗ്രീൻ ടീ, കുടമ്പുളി എന്നിവയുടെ സത്തും വിവിധ രൂപങ്ങളിൽ ചില കമ്പനികൾ വിപണിയിൽ എത്തുന്നുണ്ട്. ഇവയുടെ ഉപയോഗവും കരൾരോഗം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ പറയുന്നു.
നടപടിയെടുക്കും -ഭക്ഷ്യസുരക്ഷ കമീഷണർ ഇത്തരം ഉൽപന്നങ്ങളുടെ വിൽപന ശ്രദ്ധയിൽപെടുകയോ പരാതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണർ ഡോ. രത്തൻ യു. ഖേൽകർ പറഞ്ഞു. ഭക്ഷ്യോൽപന്നങ്ങളെന്ന പേരിൽ മനുഷ്യാരോഗ്യത്തിന് ഹാനികരമായ ഇവ വിൽക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. അനധികൃത നിർമാണം കണ്ടെത്താൻ വേണ്ടത് ചെയ്യും. പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.