വികാരങ്ങളോട് പൊരുത്തപ്പെടല്‍

വികാരങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. വികാരങ്ങളില്ലാത്ത മനുഷ്യന്‍ യന്ത്രസമാനമാണ്. ഏതെങ്കിലും സാഹചര്യങ്ങള്‍, പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ് വികാരങ്ങള്‍. എല്ലാ വികാരങ്ങളും ഒരുപോലെയല്ല. ഓരോ വികാരങ്ങളുടെയും പ്രകടനവും അതിന്‍റെ മാനേജ്‌മെന്‍റും വ്യത്യസ്ത തരത്തിലാണ്. പോസിറ്റീവായ വികാരങ്ങളും നെഗറ്റീവായ വികാരങ്ങളുമുണ്ട്.

പോസിറ്റീവായ വികാരങ്ങളോട് മനുഷ്യന്‍ പെട്ടെന്നു പൊരുത്തപ്പെടുമെങ്കിലും നെഗറ്റീവായ വികാരങ്ങള്‍ മനുഷ്യന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനോ അവയോട് പെട്ടെന്ന് പൊരുത്തപ്പെടാനോ കഴിയില്ല. സ്വന്തം വൈകാരികതലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയും അതിനെ ആവശ്യാനുസരണം നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയുകയും ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാണ്. എന്നാല്‍ വികാരങ്ങളെ അതിജീവിക്കാന്‍ കഴിയാത്തവര്‍ക്ക് ജീവിതം ആയാസകരമായിരിക്കും. വൈകാരിക സ്ഥിരത ആര്‍ജ്ജിച്ചെടുക്കാവുന്ന കഴിവാണ്. നിരന്തര ശ്രമം വേണമെന്നുമാത്രം.

വികാരങ്ങളുടെ പ്രത്യേകതകള്‍

1. വികാരങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും.

2. വികാരങ്ങള്‍ അനുഭവിച്ചറിയാനാവും.

3. വികാരങ്ങളുടെ സ്വാധീനം ശാരീരികതലത്തിലും മാനസികതലത്തിലും ഉണ്ടാകും.

4. വികാരമുണ്ടാകുന്നതിന് കൃത്യമായ കാരണങ്ങളുണ്ടാകും.

5. വികാരം പ്രകടിപ്പിക്കുന്നതിന് ശാരീരിക മാര്‍ഗങ്ങള്‍ (ചിരി, കരച്ചില്‍ etc.) സ്വീകരിക്കുന്നു.

6. വികാരങ്ങള്‍ അനുകൂലമായതോ പ്രതികൂലമായതോ ആയിരിക്കും.

7. വികാരങ്ങള്‍ക്ക് പലപ്പോഴും നമ്മെ കീഴടക്കാന്‍ കഴിയുന്നു.

8. വികാരങ്ങളെ അവഗണിക്കുന്നത് അപകടമാണ്. അവയെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം.

9. ഒരേ വികാരം തന്നെ പലയാളുകളില്‍ പലതരത്തിലുള്ള പ്രതികരണങ്ങള്‍ സൃഷ്ടിക്കും.

10. കുടുംബം, സാമൂഹിക പശ്ചാത്തലം, ലിംഗം, സാംസ്‌ക്കാരിക പ്രത്യേകതകള്‍ എന്നിവ ഒരാളുടെ വൈകാരികതലത്തെ സ്വാധീനിക്കുന്നു.

വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം

1. പ്രശ്‌നക്കാരനായ വികാരത്തെ തിരിച്ചറിയുക 2. വികാരമുണ്ടായതിന്‍റെ കാരണം കണ്ടെത്തുക 3. അത് നിങ്ങളിലും മറ്റുള്ളവരിലുമുണ്ടാക്കിയ പ്രതിഫലനം മനസ്സിലാക്കുക 4. വികാരത്തെ കൈകാര്യം ചെയ്തു നിര്‍ത്താന്‍ പരമാവധി ശ്രമിക്കുക 5. കഴിയുന്നില്ലെങ്കില്‍ മാനസികരോഗ വിദഗ്ധന്‍റെയോ കൗണ്‍സിലറുടെയോ സഹായം തേടുക

വൈകാരിക പക്വത നേടിയെടുക്കേണ്ടതിന്‍റെ ആവശ്യകത

1. മികച്ച ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും 2. പ്രശ്‌നങ്ങള്‍ വഷളാകുന്നതിനു മുന്‍പ് പരിഹരിക്കുന്നതിന് 3. മാനസികരോഗങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ 4. ജീവിതം സുഗമമാകുന്നതിന് 5. ഉല്‍ക്കണ്ഠ, തീവ്രദു:ഖം എന്നിവ അമിതമായി ബാധിക്കപ്പെടാതിരിക്കാന്‍ 6. യുക്തിപൂര്‍വം ഉചിതമായ തീരുമാനമെടുക്കാന്‍ 7. നമുക്കും ചുറ്റുമുള്ളവര്‍ക്കും സമാധാനമുണ്ടാകാന്‍,8. അക്രമങ്ങള്‍ ഒഴിവാക്കാന്‍ 9. നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ 10. എല്ലാവരോടും എമ്പതിയോടെ പെരുമാറാന്‍ 11. ആത്മഹത്യ ഒഴിവാക്കാന്‍

വൈകാരിക നിയന്ത്രണത്തിന്‍റെ വിവിധഘട്ടങ്ങള്‍

I. വികാരങ്ങളെ തിരിച്ചറിയുക

1. എങ്ങനെ അനുഭവപ്പെടുന്നു എന്നു മനസ്സിലാക്കുക: ഏതു വികാരം ഏതു പ്രകാരം അനുഭവപ്പെടുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞാലേ അതിനാവശ്യമായ പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

2. എന്താണ് അനുഭവപ്പെടുന്നതെന്ന് മറച്ചുവെക്കാതിരിക്കുക : അനുഭവപ്പെടുന്ന വികാരം മറച്ചുവെക്കുകയോ ഇല്ലെന്നു നടിക്കുകയോ ചെയ്യരുത്. ഉണ്ടായ വികാരത്തെ അഭിസംബോധന ചെയ്യുന്നതാണ് ഇല്ലെന്നു നടിച്ച് കൂടുതല്‍ അപകടമുണ്ടാക്കുന്നതിനേക്കാള്‍ ഉചിതം.

3. എന്തുകൊണ്ട് അനുഭവപ്പെടുന്നുവെന്നു കണ്ടെത്തുക : വികാരമുണ്ടായതിന്‍റെ കാരണം കണ്ടെത്തിയാലേ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ.

4. കുറ്റപ്പെടുത്താതിരിക്കുക : വികാരമുണ്ടായതിന്റെ പേരില്‍ നിങ്ങളെയോ മറ്റുള്ളവരെയോ കുറ്റപ്പെടുത്താതിരിക്കുക. മറ്റൊരാളിനാല്‍ ഉണ്ടായതാണെങ്കിലും അത് അവര്‍ മന:പൂര്‍വം ചെയ്തതാണെന്ന് വിശ്വസിക്കുകയോ അവരോട് ദേഷ്യം തോന്നുകയോ ചെയ്യരുത്. ചിലപ്പോള്‍ അവര്‍ അറിയാതെ സംഭവിച്ചതുമാകാം.

5. വികാരങ്ങള്‍ സ്വാഭാവികമാണെന്ന വസ്തുത അംഗീകരിക്കുക : വികാരങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നും എല്ലാവര്‍ക്കും അനുഭവപ്പെടുന്നതാണെന്നും അംഗീകരിക്കുക. നിങ്ങള്‍ക്ക് മാത്രമുണ്ടാകുന്ന പ്രത്യേക അനുഭവമാണെന്ന് കരുതിയാല്‍ അനാവശ്യ പരിഗണന നല്‍കി സാഹചര്യം കൂടുതല്‍ മോശമാക്കാന്‍ സാധ്യതയുണ്ട്.

II. നടപടി സ്വീകരിക്കുക

1. വികാരം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി ഏതെന്ന് ആലോചിക്കുക : നിങ്ങള്‍ക്കുണ്ടായ വികാരം സങ്കടമാണെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി ചിലപ്പോള്‍ കരച്ചിലായിരിക്കും. അങ്ങനെയെങ്കില്‍ കരയുന്നതിന് മടി കാണിക്കാതിരിക്കുക. കരയുന്നതിന് പകരം നിങ്ങളുടെ സങ്കടം മറ്റൊരാളോട് ദേഷ്യമായി കാണിച്ചാല്‍ ഫലം വിപരീതമായിരിക്കും.

2. മൂഡ് മാറ്റുന്നതെങ്ങനെയെന്ന് പഠിക്കുക : നിങ്ങള്‍ക്കുണ്ടായ വികാരത്തില്‍ നിന്ന് പുറത്തുകടക്കാനായി മൂഡ് മാറ്റാനുള്ള വഴികള്‍ കണ്ടെത്തുക. സുഹൃത്തുക്കളോട് സംസാരിക്കുകയോ പുറത്തു പോകുകയോ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയോ അങ്ങനെ നിങ്ങളുടെ മൂഡ് മാറ്റാന്‍ കഴിയുന്ന എന്തും.

3. പോസിറ്റീവായ വികാരങ്ങള്‍ സൃഷ്ടിക്കുക : നെഗറ്റീവായ വികാരങ്ങളാണല്ലോ എപ്പോഴും പ്രശ്‌നക്കാര്‍. അതിനാല്‍ പോസിറ്റീവായ വികാരങ്ങള്‍ മന:പൂര്‍വമായി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരു പരിധിവരെ ഉപയോഗപ്പെടും.

4. പിന്തുണ തേടുക : ആവശ്യമെന്നു തോന്നിയാല്‍ സുഹൃത്തുക്കളുടെയോ രക്ഷിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ മറ്റു മുതിര്‍ന്നവരുടെയോ സഹായം തേടുക.

5. വ്യായാമം : വ്യായാമം ചെയ്യുന്നത് തലച്ചോറില്‍ പോസിറ്റീവ് വികാരങ്ങള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉല്‍പ്പാദനത്തിന് കാരണമാകുന്നു. വ്യായാമം ശാരീരിക-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ച് പുത്തനുണര്‍വ്വ് നല്‍കുന്നു.

III. സഹായം തേടുക

സ്വന്തമായി മാനേജ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയാല്‍ പ്രൊഫഷണല്‍ സഹായം തേടാന്‍ മടികാണിക്കരുത്. മനോരോഗ വിദഗ്ധന്റെയോ കൗണ്‍സിലറുടെയോ സഹായം സ്വീകരിക്കുന്നതില്‍ അപഹര്‍ഷത തോന്നേണ്ട കാര്യമില്ല. നിരവധിയാളുകള്‍ക്ക് ഇപ്രകാരം സ്വയം സങ്കടവും ദേഷ്യവുമൊക്കെ നിയന്ത്രിക്കാന്‍ കഴിയാതെ വരാറുണ്ട്.

ഇത്തരം സാഹചര്യങ്ങളില്‍ നമ്മെ സഹായിക്കാന്‍ പ്രൊഫഷണല്‍ വൈദഗ്ധ്യം നേടിയവരാണ് കൗണ്‍സിലര്‍മാരും തെറാപ്പിസ്റ്റുകളും. വികാരങ്ങളുടെ സമയത്ത് മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാന്‍ വൈകാരികമായി ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് മാനസികമായി മാത്രമല്ല, ശാരീരികമായും നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. ആ സമയത്ത് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും അയവുവരുത്തുന്നു.

1. ദീര്‍ഘശ്വാസം എടുക്കുക 2. മെഡിറ്റേഷന്‍ ചെയ്യുക 3. പേശികള്‍ അയച്ചിടുക 4. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ മാത്രം ആലോചിക്കുക

വികാരങ്ങളെ മാനേജ് ചെയ്യാന്‍

വൈകാരിക നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഒരു ടെക്‌നിക്കാണിത്. നാലു ഘട്ടങ്ങളിലൂടെ ഒരു വികാരത്തെ എങ്ങനെ നിയന്ത്രിച്ചുനിര്‍ത്തുന്നു എന്ന് ഈ രീതിയില്‍ പറയുന്നു.

Pause - വികാരങ്ങളുണ്ടാകുന്ന സമയത്ത് പെട്ടെന്നുതന്നെ പ്രതികരിക്കാതെ ഒന്നുനിന്ന് എന്താണ് സംഭവിച്ചത്, എന്ത് വികാരമാണുണ്ടായത് എന്ന് തിരിച്ചറിയുക.

Acknowledge - ഉണ്ടായ വികാരത്തെച്ചൊല്ലി കുറ്റബോധം തോന്നേണ്ട കാര്യമില്ല. ദേഷ്യമാണെങ്കിലും അസൂയയാണെങ്കിലും സങ്കടമാണെങ്കിലും അത് നിങ്ങള്‍ക്കു മാത്രം ഉണ്ടാകുന്നതല്ലെന്നും ഏതു മനുഷ്യനും ഉണ്ടാകുന്നതാണെന്നും അംഗീകരിക്കുക.

Think - വികാരമുണ്ടായതിന്‍റെ കാരണം തിരിച്ചറിഞ്ഞ് എപ്രകാരം പരിഹരിക്കാന്‍ കഴിയുമെന്ന് ആലോചിക്കുക.

Help - കാരണം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പരിഹാര നടപടി പ്രാവര്‍ത്തികമാക്കേണ്ട ഘട്ടമാണിത്. വികാരങ്ങളെ മാനേജ് ചെയ്യുന്ന തെറ്റായ രീതി നെഗറ്റീവ് വികാരങ്ങളായ പേടി, ദേഷ്യം, ദു:ഖം എന്നിവയെ പലപ്പോഴും ആളുകള്‍ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

1. അവഗണിക്കല്‍: വികാരങ്ങളുണ്ടാകുന്ന സമയത്ത് അവയെ പരിഗണിച്ച് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാതെ അവഗണിക്കുന്നത് തെറ്റായ രീതിയാണ്. ഇത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയേയുള്ളൂ.

2. പിന്‍വാങ്ങല്‍ വ്യക്തികള്‍ സാധാരണയായി പിന്തുടരുന്ന ഒരു രീതിയാണിത്. അവര്‍ പലപ്പോഴും വികാരങ്ങളുണ്ടാകുമ്പോള്‍ അതില്‍നിന്നു മാറി മറ്റെന്തിലെങ്കിലും മുഴുകുന്നു. എന്നാല്‍ സ്ഥിരമായി പിന്‍വാങ്ങുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ഇത് സാഹചര്യം വഷളാക്കുക മാത്രമല്ല തെറ്റിദ്ധാരണ, ദേഷ്യം, ഏകാന്തത, ക്രമരഹിതമായ ചിന്ത എന്നിവയ്ക്ക് കാരണമാകുന്നു.

3. വഴക്കുണ്ടാക്കുക മറ്റു ചിലര്‍ സ്വീകരിക്കുന്നത് ഈ രീതിയാണ്. വികാരങ്ങളുടെ സമയത്ത് മറ്റുള്ളവരുമായി വഴക്കുണ്ടാക്കാനോ അവരുടെ മേല്‍ ആധിപത്യം കാണിക്കാനോ ശ്രമിക്കുന്നു. തന്നെക്കുറിച്ച് മോശം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്കുക്കൂടി മോശം സാഹചര്യം അനുഭവപ്പെടട്ടെ എന്നുകരുതി തെറ്റായ രീതിയില്‍ പെരുമാറുന്നു.

4. സ്വയം അപകടപ്പെടുത്തുക സ്വയം അപകടപ്പെടുത്തല്‍ വികാരങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ട ശ്രമമാണ്. എന്നാല്‍ ഇതൊരു പരിഹാരമേയല്ല എന്നതാണ് വാസ്തവം. ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, ശരീരത്തില്‍ മുറിവുകളുണ്ടാക്കുകയോ ചെയ്യുന്നത് ചിലപ്പോള്‍ വലിയ അപകടങ്ങള്‍തന്നെ വിളിച്ചുവരുത്തിയേക്കാം.

5. ലഹരി ഉപയോഗിക്കുക മദ്യം, മയക്കുമരുന്ന് എന്നിവയില്‍ അഭയം തേടുന്നതാണ് മറ്റൊരു തെറ്റായരീതി. ലഹരി ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നു മാത്രമല്ല അത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ലഹരി ആസക്തിയുണ്ടാക്കുകയും ആത്മഹത്യാ പ്രവണത കൂട്ടുകയും ചെയ്യുന്നു.

വികാരങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങുന്നതിന്‍റെ സൂചനകള്‍

1. സാഹചര്യങ്ങളുടെ നിയന്ത്രണം യുക്തിക്കുവിടുന്നു. 2. വാക്കിലും പ്രവൃത്തിയിലും ശാന്തത. 3. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു. 4. അസ്വസ്ഥത നിറഞ്ഞ സാഹചര്യമാണെങ്കിലും അടിയന്തിരമായ ചുമതല മുടക്കുന്നില്ല. 5. അനുയോജ്യമായ ഉപദേശവും സഹായങ്ങളും തേടുന്നു. 6. ദു:ഖകരമായ സംഭവങ്ങളില്‍നിന്ന് പെട്ടെന്ന് പുറത്തുകടക്കുന്നു.

Tags:    
News Summary - Deal with Emotions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.