കൊച്ചി: പലതരം മയക്കുമരുന്നുകളുടെ ഒഴുക്ക് ജില്ലയിലേക്ക് വർധിക്കുമ്പോൾ ശാരീരിക, മാനസീകാരോഗ്യം തകർക്കപ്പെട്ട് ലഹരിക്കടിപ്പെട്ടവർ. മയക്കുമരുന്ന് കിട്ടാതെ ഉറക്കമില്ലായ്മ മുതൽ മാനസിക വിഭ്രാന്തി വരെ അനുഭവിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതാണ് കാഴ്ച. കൗൺസലിങ് സെന്ററുകളിലെത്തുന്നവരിൽ വലിയൊരു ശതമാനം യുവജനങ്ങളാണെന്ന് മേഖലയിലുള്ളവർ വ്യക്തമാക്കുന്നു.
വിമുക്തി മിഷന് കീഴിലുള്ള ജില്ലയിലെ ഡീ അഡിക്ഷൻ സെന്ററിൽ സംസ്ഥാനത്താകെ 1,27,683 പേർ ഒ.പിയിലും 10,548 പേർ കിടത്തി ചികിത്സക്കും എത്തിയിട്ടുണ്ട്. ഇതിൽ വലിയൊരു ശതമാനം എറണാകുളം ജില്ലയിലാണ്. എറണാകുളത്ത് വിമുക്തിയുടെ കൗൺസിലിങിന് വിധേയരായത് 9833 പേരാണ്. ഇതിന് പുറമെ മറ്റ് ആശുപത്രികളിലും മാനസികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സ തേടിയവരും നിരവധിയാണ്.
കൗതുകത്തിന്റെ പേരിലും സുഹൃത്തുക്കളുടെയും മറ്റും നിർബന്ധത്തിന് വഴങ്ങിയും മദ്യത്തിലും പുകവലിയിലുമാണ് ഭൂരിഭാഗം ആളുകളുടെയും തുടക്കമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ക്രമേണ ലഹരി ആസക്തി വർധിക്കുകയും സിന്തറ്റിക് മയക്കുമരുന്ന് വരെ നീളുകയുമാണ് ചെയ്യുന്നത്. തുടർന്ന് ഇവക്ക് അടിമപ്പെട്ട് ഒഴിവാക്കാനാകാത്ത സ്ഥിതിയിലേക്കെത്തുകയാണ്.
ഇതിലൂടെ ശാരീരിക, മാനസികാരോഗ്യം തകർക്കപ്പെടുകയും കുടുംബബന്ധങ്ങളിൽ ഉൾപ്പെടെ വിള്ളലുണ്ടാക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുന്നു. വിദ്യാർഥികളും യുവാക്കളും ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ട് കാരിയറുകളായി മാറുകയും കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുകയും ചെയ്യുന്നതുമൊക്കെയാണ് കാഴ്ചകളെന്ന് അവർ വിശദീകരിക്കുന്നു.
ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ നിർബന്ധത്തെ തുടർന്ന് വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ എത്തുന്നവരാണ് കൂടുതലും. സ്വന്തം താൽപര്യപ്രകാരം എത്തുന്നവരുമുണ്ട്. പൂർണലഹരിമുക്തിയോടെ ഇവർക്ക് മടങ്ങാനാകുന്നുവെന്നത് ശ്രദ്ധേയമായ നേട്ടമായി എക്സൈസ് വകുപ്പ് വിലയിരുത്തുന്നു.
ടെലിഫോണിലൂടെ കൗൺസലിങ് നേടുന്നവരും നിരവധിയുണ്ട്. ആറര വർഷത്തിനിടെ എറണാകുളത്ത് 1761 പേർ നേരിട്ടെത്തിയും 8072 പേർ ടെലിഫോൺ മുഖാന്തരവും കൗൺസിലിങ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.