ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ പത്ത് സ്കില്ലുകളുണ്ട്. ഇത് ആഗോളതലത്തിൽ അംഗീകരിച്ചതും പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതുമാണ്. ഈ പത്തു സ്കില്ലുകളിൽ നിർണ്ണായകമായ ഒന്നാണ് വിമർശനാത്മകചിന്ത. ഈ ലക്കം വിമർശനാത്മക ചിന്തയെക്കുറിച്ചാവാം.
ഒരു വിഷയത്തിൽ നിഗമനത്തിലെത്തുന്നതിനായി വസ്തുതകളെ യുക്തിപൂർവം അടുക്കി പരിശോധിക്കുന്നതിനെയാണ് വിമർശനാത്മക ചിന്ത എന്നു പറയുന്നത്. ബുദ്ധിയുള്ള മനുഷ്യനായി ജീവിക്കാൻ ദൈനംദിന വ്യവഹാരങ്ങളിൽ ക്രിട്ടിക്കൽ തിങ്കിങ് കൂടിയേ തീരൂ. പ്രത്യേകിച്ച് ഓരോ കാര്യത്തിലും തിരഞ്ഞെടുക്കാൻ ഒന്നിലേറെ അവസരങ്ങൾ മുന്നിലുള്ള പുതിയ കാല ജീവിതത്തിൽ.
മികച്ച തിരഞ്ഞെടുപ്പുകൾ നിങ്ങളെ ലക്ഷ്യത്തിലേക്കും വിജയത്തിലേക്കും നയിക്കുമ്പോൾ തെറ്റായ ഒറ്റ തിരഞ്ഞെടുപ്പിലൂടെ നേടിയതെല്ലാം നഷ്ടമായെന്നും വരാം. അതിനാൽ വിമർശനാത്മക ചിന്ത പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടത് അനിവാര്യമാണ്. മുന്നിലുള്ള വസ്തുതകളെ യുക്തിപൂർവം, പക്ഷപാതരഹിതമായി, സംശയ ദൃഷ്ടിയോടെ സമീപിക്കുമ്പോഴാണ് ചിന്ത ആഴവും തെളിമയും കൈവരിക്കുന്നത്. ഈ ഗുണങ്ങൾ വിശദമായി പരിശോധിക്കാം.
1. ശരിയായ അറിവു നേടാൻ
2. ശരി തെറ്റുകളെ വേർതിരിച്ചറിയാൻ
3. നല്ല ജീവിത പങ്കാളിയെയും സുഹൃത്തുക്കളെയും കണ്ടെത്താൻ
4. ശരിയായ തീരുമാനമെടുക്കാൻ
5. അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാൻ
6. തൊഴിലിടത്തിലെ പ്രശ്നങ്ങൾ നേരിടാൻ
7. സാമ്പത്തിക-രാഷ്ട്രീയ ഇടപാടുകളിൽ ശ്രദ്ധയോടെ ഏർപ്പെടാൻ
8. നല്ല വിനോദങ്ങളും കളികളും തെരഞ്ഞെടുക്കാൻ
9. വ്യക്തിബന്ധങ്ങൾ കെട്ടുറപ്പുള്ളതാകാൻ
10. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ
ആരിൽനിന്നു ലഭിക്കുന്ന വിശ്വാസമാണെങ്കിലും വിവരമാണെങ്കിലും അത് സ്വന്തം ചിന്തയിലൂടെ കടത്തിവിട്ട് സ്വയം നിഗമനം രൂപീകരിക്കുന്നതാണ് യുക്തി ചിന്ത. ഇതുവരെയുള്ള ജീവിതത്തിൽ ആർജിച്ച പല അറിവുകൾ വിശകലനം ചെയ്ത് സ്വയം ബോധ്യമാകുന്ന നിഗമനങ്ങളിലാണ് എത്തിച്ചേരുന്നത്. കൂടുതൽ അനുഭവ സമ്പത്തുള്ളവരുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോഴും അത് കാര്യകാരണസഹിതം ബോധ്യപ്പെടണമെന്ന നിർബന്ധബുദ്ധി യുക്തിചിന്തയുടെ ലക്ഷണമാണ്. രാഷ്ട്രീയമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു പക്ഷത്തോട് അന്ധമായ വിധേയത്വം കാണിക്കുന്നവരെ കണ്ടിട്ടില്ലേ. ആൾ ബുദ്ധിമാൻ എന്നും പ്രശ്നങ്ങളിൽ ഇടപെടാൻ മിടുക്കനെന്നുമൊക്കെ പേരുണ്ടാക്കിയിട്ടുണ്ടാകാം.
പക്ഷേ സ്വന്തം പക്ഷത്തിനെതിരായ വസ്തുതാപരമായ വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാനോ വിശ്വസിക്കാനോ പോലുമുള്ള മാനസികാവസ്ഥ ഉണ്ടാവണമെന്നില്ല. എന്റെ പാർട്ടി, ജാതി, മത വിഭാഗം തെറ്റ് ചെയ്യില്ല എന്ന മിഥ്യാബോധ്യം ഏറെ നാളത്തെ വിധേയത്വംകൊണ്ട് അയാളിൽ അടിയുറച്ചു പോകുന്നു. ഇത്തരം ധാരണകളും വിശ്വാസങ്ങളും ക്രിട്ടിക്കൽ തിങ്കിങ് എന്ന ഗുണത്തെ ചോർത്തിക്കളയുന്നു. ഒരു പക്ഷത്തോ വിശ്വാസത്തിലോ നിൽക്കുമ്പോഴും ശരികേടുകളെ ആ അർത്ഥത്തിൽ മനസ്സിലാക്കുകയും ക്രിയാത്മകമായ രീതിയിൽ തിരുത്തലിനു ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ക്രിട്ടിക്കൽ തിങ്കർ ആകുന്നത്.
എന്തും കണ്ണടച്ചു വിശ്വസിക്കുന്നവരെ പറ്റിക്കാൻ എളുപ്പമാണ്. സ്ഥാപിത താൽപര്യങ്ങളുമായി വരുന്നവരെ അന്ധമായി വിശ്വസിച്ച് ചതി പറ്റിയവർ നമ്മുടെ ചുറ്റുവട്ടത്തുതന്നെ എത്രയോ കാണും. സാമ്പത്തിക നഷ്ടം, മാനസിക സമ്മർദ്ദം എന്നിവയൊക്കെ ഇത്തരക്കാരെ ഏതു നിമിഷവും പിടികൂടാം. അതേസമയം എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെ കാണുകയും ആ മട്ടിൽ പ്രതികരിക്കുകയും ചെയ്യുന്നവരും സമൂഹത്തിൽ അവമതിപ്പിന് വിധേയരാകും.
ഈ രണ്ട് അവസ്ഥകൾക്കുമിടയിൽ ബുദ്ധിപൂർവമുള്ള ബാലൻസിങ്ങാണ് അഭികാമ്യം. ഒരു വിവരത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഇന്ന് വാർത്താവിനിമയ ഉപാധികളും ഇന്റർനെറ്റും സഹായത്തിനുണ്ട്.
പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾ രണ്ടു തരമുണ്ടെന്ന് പറയാറുണ്ട്. കാണാപ്പാഠം പഠിക്കുന്നവരും കാര്യകാരണസഹിതം മനസ്സിലാക്കി പഠിക്കുന്നവരും. ആദ്യത്തെ കൂട്ടർക്ക് പഠനം യാന്ത്രികമായ പ്രക്രിയയാകുമ്പോൾ രണ്ടാമത്തെ കൂട്ടർ ആസ്വദിച്ച് പഠിക്കുന്നവരാണ്. വിമർശനാത്മക ചിന്തയാണ് രണ്ടാമത്തെ കൂട്ടരുടെ കൈമുതൽ. പഠിക്കാനുള്ള പാഠമാണെങ്കിലും ഞാൻ ഇതു വിശ്വസിക്കാൻ എന്തു കാരണം പറയാനുണ്ട് എന്ന വെല്ലുവിളിയാണ് അധ്യാപകരോടുള്ള ഇക്കൂട്ടരുടെ ഓരോ ചോദ്യവും.
മികച്ച അധ്യാപകർക്ക് അവരെ തിരിച്ചറിഞ്ഞ് നയിക്കാനാകും.വിമർശനാത്മക ചിന്ത ഏറ്റവുമധികം ആവശ്യമുള്ള രംഗമാണ് സമൂഹമാധ്യമങ്ങൾ. വാട്സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഫോർവേഡ് ചെയ്തു വരുന്ന എന്തും അടുത്ത നിമിഷം അടുപ്പമുള്ളവർക്കെല്ലാം അയയ്ക്കുന്നവരെ കണ്ടിട്ടില്ലേ. ഇതിൽ ബഹുഭൂരിപക്ഷവും തെറ്റായ വിവരങ്ങളോ ആളെ പറ്റിക്കാൻ കൃത്രിമമായി സൃഷ്ടിച്ച വിഡിയോകളോ ആകാം. കണ്ണുംപൂട്ടി ഇതെല്ലാം ഫോർവേഡ് ചെയ്ത് വിശ്വാസ്യതാ നഷ്ടമുണ്ടാക്കുന്നവരുടെ പ്രധാന പ്രശ്നം ക്രിട്ടിക്കൽ തിങ്കിങ്ങിന്റെ അഭാവംതന്നെ.
1. നിങ്ങളുടെ കാഴ്ച്ചപ്പാടുകളെ പുനർവ്യാഖ്യാനിക്കുക (മറ്റു കാഴ്ച്ചപ്പാടുകളെക്കൂടി പരിഗണിക്കാനുളള സന്നദ്ധത)
2. വാസ്തവത്തെ സങ്കൽപ്പങ്ങളിൽനിന്ന് വേർതിരിച്ചു കാണുക.
3. ചോദ്യങ്ങൾ ചോദിക്കുക.
4. നിങ്ങളുടെ ബുദ്ധിശക്തിയിൽ വിശ്വസിക്കുക.
5. വ്യത്യസ്ത വീക്ഷണകോണിൽനിന്നു കാണാൻ ശ്രമിക്കുക.
6. എല്ലായ്പ്പോഴും നിങ്ങളുടെ വൈകാരികതലത്തെക്കുറിച്ച് ബോധ്യമുണ്ടാകുക.
7. ഈഗോയെ കാര്യക്ഷമമായി നേരിടുക.
8. ഒഴിവുസമയം ഉപയോഗിക്കുക.
9. തീവ്രമായ ഭാഷ ഒഴിവാക്കുക (ഉദാ : അസാധ്യം, ഒരിക്കലുമില്ല, എല്ലായ്പ്പോഴും)
10. നിങ്ങളുടെ സ്വഭാവഗുണത്തിൽ മാറ്റങ്ങൾ വരുത്തുക (ധാർഷ്ട്യം, അജ്ഞത, മുൻവിധി, പക്ഷപാതം)
11. ഗ്രൂപ്പുകൾ നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുക (സമപ്രായക്കാരുടെ സമ്മർദ്ദങ്ങൾ,സമൂഹത്തിന്റെ നിയമങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.