തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്.
വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും ഐസൊലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി അഡോളസ്‌സന്‍റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്.
ഐസൊലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിന് പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിങ് നല്‍കും. കൂടാതെ അവര്‍ക്ക് തിരിച്ച് ബന്ധപ്പെടാന്‍ വേണ്ടി ഹെല്‍പ് ലൈന്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്നു.
കേരളത്തില്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്‍റെ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇതുവരെ ഒന്നേകാല്‍ കോടിയിലധികം പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആശുപത്രിയിലും വീട്ടിലും നീരിക്ഷണത്തിലും ഐസോലേഷനിലും കഴിഞ്ഞിരുന്ന 75.64 ലക്ഷം പേര്‍ക്ക് മാനസികാരോഗ്യ പരിചരണം നൽകി.
74,087 ഭിന്നശേഷി കുട്ടികള്‍ക്കും മനോരോഗ ചികിത്സയില്‍ ഇരിക്കുന്ന 31,520 പേര്‍ക്കും ഇത്തരത്തില്‍ സേവനം ലഭ്യമാക്കി. കോവിഡ് നിയന്ത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും മാനസികാരോഗ്യം നിലനിർത്താനും പദ്ധതി ആവിഷ്‌കരിച്ചു. 64,194 ജീവനക്കാര്‍ക്കാണ് മാനസികാരോഗ്യ പരിചരണം നല്‍കിയത്.
നീരിക്ഷണത്തിലിരുന്ന 75,64,227 പേര്‍ക്ക് ആശ്വാസ കോളുകള്‍ നല്‍കി. ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് 32,12,102 ഫോളോ അപ്പ് കോളുകളും നല്‍കിയിട്ടുണ്ട്. 92,601 കോളുകളാണ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ കിട്ടിയിട്ടുള്ളത്.
കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടാനും ആത്മഹത്യാ പ്രവണത ചെറുക്കാനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സേവനങ്ങള്‍ സ്‌കൂള്‍ കുട്ടികളിലേക്കും വ്യാപിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് 9,99,722 കോളുകള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കി. ഇതില്‍ 1,12,347 കുട്ടികള്‍ക്ക് കൗണ്‍സിലിങി സേവനങ്ങളും ലഭ്യമാക്കി.
എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിക്ക് കീഴില്‍ സൈക്കോ സോഷ്യല്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ലഭ്യമാണ്. ഇതിന് പുറമെ സംസ്ഥാനാടിസ്ഥാനത്തില്‍ ദിശ ഹെല്‍പ് ലൈന്‍ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.