തിരുവനന്തപുരം: ആരോഗ്യസംവിധാനങ്ങളെ സമ്മർദത്തിലാക്കി സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ചുയരുന്നു. പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്.
സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ തുടങ്ങിയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾവരെ പനിബാധിതരെ കൊണ്ട് നിറയുകയാണ്. ജൂൺ ആദ്യവാരം ശരാശരി 6000-7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകൾ 15,000 പിന്നിട്ടു. ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നു. പത്ത് ദിവസത്തിനിടെ 272 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നു. ഇക്കാലയളവിൽ 63 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.
ആരോഗ്യപ്രവർത്തകർ വ്യാപകമായി രോഗബാധിതരാകുന്നതാണ് ചികിത്സകേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളി. ജീവനക്കാരുടെ ക്ഷാമം തുടരുന്നതിനിടെയാണ് പകർച്ചവ്യാധികളുടെ പ്രഹരം. ജൂണിൽ 3,50,783 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 623 പേർക്ക് ഡെങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ പനികൾ ബാധിച്ച് ഒരു മാസത്തിനിടെ 44 പേർ മരിച്ചു. ജൂണിൽ 2,414 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറുപേർ മരിച്ചു. 348 പേർ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയിൽ 70,441 പേർക്ക് വയറിളക്കം പിടിപ്പെട്ടു.
മഴ ശക്തയാർജിച്ച സാഹചര്യത്തിൽ കേസുകൾ ഇനിയും ഉയരുമെന്നാണ് സൂചന. 2017-18 കാലയളവിൽ സമാനരീതിയിൽ പകർവ്യാധി വർധനയുണ്ടായ സാഹചര്യത്തിൽ അധിക മനുഷ്യവിഭവശേഷി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. നിലവിൽ കേസുകൾ കൈയിലൊതുങ്ങാതെ ഉയരുന്ന സാഹചര്യത്തിൽ സമാന ഉത്തരവിറക്കണമെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്.
സാധാരണ പനി; പക്ഷേ, സൂക്ഷിക്കണം
തിരുവനന്തപുരം: മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇന്‍ഫ്ലുവന്‍സ) സംസ്ഥാനത്തെ പനിക്കേസുകളിൽ കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറല്‍ പനി ഭേദമാകാൻ മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വേണ്ടിവരും. അതേസമയം മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടക്കാത്തതാണ് രോഗങ്ങൾ വ്യാപിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന വേഗക്കുറവും രോഗപ്പകർച്ചക്ക് കാരണമായി.
പനി രോഗമല്ല, രോഗലക്ഷണമായി കാണണമെന്ന ജാഗ്രതാനിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചികുന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍പോക്സ്, സിക, ജപ്പാന് ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായേക്കാമെന്നതിനാൽ വിശേഷിച്ചും.
പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെെട്ടന്നുണ്ടാവുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നുതടിക്കല്‍, മൂത്രത്തിന്റെ അളവ് കുറയൽ, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കൽ, ശരീരം തണുത്തുമരവിക്കുന്ന അവസ്ഥ, തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ എന്നിവയും ഗൗരവത്തോടെ കാണണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.