മുംബൈ: കുട്ടികളിൽ അപൂർവമായ പാപ്പില്ലറി തൈറോയ്ഡ് കാൻസർ ബാധിച്ച എട്ട് വയസ്സുള്ള മസെൻ എന്ന യമൻ ബാലന് മുംബൈയിൽ ചികിത്സ. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മുംബൈ ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ അറിയിച്ചു.
ഇന്ത്യയിൽ ഈ ശസ്ത്രക്രിയ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കുട്ടിയാണ് മസെൻ എന്ന് പീഡിയാട്രിക്സ് ഡയറക്ടർ ഡോ.ഫസൽ നബി പറഞ്ഞു. സാധാരണ 30 നും 50 നും ഇടയിൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. കുട്ടികളിൽ ഇത് അപൂർവമാണ്.
മൂന്ന് മാസം മുമ്പ് കഴുത്തിന്റെ മുൻഭാഗത്തും ഇടതുവശത്തുമായി 4x4 സെൻറിമീറ്റർ വണ്ണമുള്ള വീക്കം രൂപപ്പെടുകയായിരുന്നു. തുടർന്ന് ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധാരണ വീക്കമാണെന്ന് യെമനിലെ ഡോക്ടർമാർ ആദ്യം സംശയിച്ചെങ്കിലും വിശദ പരിശോധനയിൽ തൈറോയ്ഡ് കാൻസറാണെന്ന് കണ്ടെത്തി.
തുടർചികിത്സക്കായി കുടുംബം ഇന്ത്യയിലേക്കെത്തി. ഇത്ര ചെറുപ്രായത്തിൽ തൈറോയ്ഡ് കാൻസർ അപൂർവമായതിനാൽ ജസ്‌ലോകിലെ വിദഗ്ധ സംഘം വീണ്ടും അൾട്രാസൗണ്ടും ബയോപ്‌സിയും എടുത്ത് പരിശോധിച്ചു. ശരീരത്തിൽ മറ്റവയവങ്ങൾക്ക് വ്യാപനം ഉണ്ടോ എന്നറിയാൻ നിരവധി രക്തപരിശോധനകളും പി.ഇ.ടി സി.ടി സ്കാനും നടത്തി. പ്രായവും കഴുത്തിന്റെ വലിപ്പക്കുറവും കാരണം ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
കുട്ടിക്ക് വേദനയോ കാൻസറിന്റെ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഡോ.ഫസൽ നബി പറഞ്ഞു. ഒരുലക്ഷം കുട്ടികളിൽ 0.54 എന്ന തോതിലാണ് ഈ രോഗത്തിനുള്ള സാധ്യത. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും മൂന്നാം ദിവസം കുട്ടിയെ ഡിസ്ചാർജ് ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു. ‘മസെൻ ഇപ്പോൾ ഊർജസ്വലനാണ്. മകനെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഡോക്ടർമാർക്ക് നന്ദി’ -കുട്ടിയുടെ പിതാവ് സമദ് സെയ്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.