പറക്കോട്: കേരളത്തിലെ ആരോഗ്യമേഖല ഓക്സിജന്‍ ഉൽപാദനത്തില് സ്വയം പര്യാപ്തത കൈവരിച്ചതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രധാന ആശുപത്രികളും ഇപ്പോള്‍ ഓക്സിജന്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ മലേറിയ മുക്ത ബ്ലോക്ക്തല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2025ല്‍ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കുക, ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുക എന്നതാണ് ലക്ഷ്യം.
ഒമിക്രോണ്‍ വൈറസിനെതിരെ അതീവ ജാഗ്രത വേണം. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അനുവദിച്ച പീഡിയാട്രിക് ഐ.സി.യു ഫെബ്രുവരിക്ക് മുമ്പ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലേറിയ വിമുക്ത ബ്ലോക്ക് സര്‍ട്ടിഫിക്കറ്റ് മന്ത്രി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ളക്ക് കൈമാറി. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് ഗ്രാമ പഞ്ചായത്തുകളിലും അടൂര്‍ നഗരസഭയിലും ആരംഭിച്ച മലേറിയ കാമ്പയിന് സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് ജില്ലയിലെ ആദ്യ മലേറിയ വിമുക്ത ബ്ലോക്കായി മാറ്റാന്‍ സാധിച്ചത്. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ആരോഗ്യ സ്ഥാപനങ്ങളിലും മലേറിയ മുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസീധരന്‍പിള്ള അധ്യക്ഷതവഹിച്ചു.
അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ കുഞ്ഞന്നാമ്മ കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശ്രീധരന്, പുഷ്പവല്ലി, സന്തോഷ് ചാത്തന്നൂപ്പുഴ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍. അനിതകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്. നന്ദിനി, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ എസ്. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.