തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് സംസ്ഥാനത്ത് ഇതുവരെ ബാധിച്ചത് ആറ് പേർക്ക്. 2016 ജനുവരിയിൽ ആലപ്പുഴ തിരുമലയിലാണ് രോഗബാധ സംസ്ഥാനത്താദ്യമായി സ്ഥിരീകരിക്കുന്നത്. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും രോഗബാധയുണ്ടായി. ഇപ്പോൾ ആലപ്പുഴയിലും. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. മുമ്പ് രോഗബാധിതനായ ആൾ മൂക്കിലെ ശസ്ത്രക്രിയകൾക്ക് വിധേയമായിരുന്നു. ‘ബ്രെയിൻ ഈറ്റർ’ എന്നാണ് ഈ അമീബ അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുകയെന്നും ആശങ്ക വേണ്ടെന്നും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചു.
ഒഴുക്കില്ലാത്ത ജലാശയങ്ങളിലും നീർച്ചാലിലും മറ്റും സ്വതന്ത്രമായാണ് രോഗകാരിയായ അമീബ കാണപ്പെടുന്നത്. പരാദസ്വഭാവമില്ലാതെ സ്വതന്ത്രമായാണ് ഇവ കഴിയുക. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് മനുഷ്യന്റെ ശരീരത്തില്‍ കടക്കുക. തുടർന്ന് തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യും. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മലിനമായ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരാന്‍ കാരണമാകും. മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ആലപ്പുഴയിൽ മരിച്ച കുട്ടിക്ക് ജൂൺ 29നാണ് പനി ആരംഭിച്ചതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. ജൂലൈ ഒന്നിന് തലവേദന, ഛര്‍ദി, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് തുറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റ് അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എന്‍ഫലൈറ്റിസ് സംശയിച്ച് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പ്രൈമറി അമീബിക് എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥ ആകാം കുട്ടിക്കെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനക്കായി സാമ്പിള്‍ അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.