കോഴിക്കോട്: കേന്ദ്ര -സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള വടംവലിക്കിടെ കൃത്യമായി ശമ്പളം ലഭിക്കാതെ പട്ടിണി കിടക്കേണ്ട അവസ്ഥയിൽ ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) ജീവനക്കാര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ല ജനറൽ ആശുപത്രികൾ, ആയുർവേദ -ഹോമിയോ ഡിസ്പെൻസറികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലിയെടുക്കുന്ന ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്നത്.
ജൂൺ 30 ആയിട്ടും സംസ്ഥാനത്തെ ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പളം വൈകിയതോടെ ജീവനക്കാരുടെ ഹൗസിങ്, വാഹന ലോൺ അടവുകൾ മുടങ്ങി. ജൂൺ മാസം സ്കൂൾ കുട്ടികളുടെ പഠനാവശ്യത്തിന് കൂടുതൽ പണം ചെലവഴിക്കേണ്ടിവരുന്നതും ജീവനക്കാരുടെ ദുരിതം ഇരട്ടിയാക്കി.
ശമ്പള പ്രതിസന്ധി തുടങ്ങി മാസങ്ങളായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. കേന്ദ്രം വിഹിതം അനുവദിക്കാത്തതിനാലാണ് ശമ്പളം മുടങ്ങുന്നതെന്നാണ് ജീവനക്കാർക്ക് അധികൃതർ നൽകുന്ന വിശദീകരണം. ജില്ലയിൽത്തന്നെ 1000ത്തിൽ അധികം ആരോഗ്യ പ്രവർത്തകർ എൻ.എച്ച്.എമ്മിനുകീഴിൽ ജോലി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15000ത്തോളം ജീവനക്കാരുണ്ട്.
ആശുപത്രികളിൽ ജോലിക്കുപോകാൻ ബസ് ചാർജിനും ഇരുചക്ര വാഹനങ്ങളിൽ ഇന്ധനം നിറക്കാനുമുള്ള കാശുപോലും ഇല്ലാതെ പ്രയാസപ്പെടുകയാണ് തങ്ങളെന്ന് ജീവനക്കാർ പറയുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സലേഴ്സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും.
40 ശതമാനം സംസ്ഥാന സർക്കാർ ഫണ്ടും 60 ശതമാനം കേന്ദ്ര സർക്കാർ ഫണ്ടുമാണ് എൻ.എച്ച്.എം പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നത്. 40 ശതമാനം സർക്കാർ വിഹിതം അക്കൗണ്ടിൽ അടച്ചശേഷം 60 ശതമാനം കേന്ദ്ര ഫണ്ടുകൂടി ചേർത്ത് എൻ.എച്ച്.എം അക്കൗണ്ടിലേക്ക് വരുന്നതാണ് നിലവിലെ രീതി.
എന്നാൽ, സംസ്ഥാന സർക്കാറിന്റെ വിഹിതമായി 228 കോടി അടച്ചിട്ടും കേന്ദ്ര വിഹിതത്തിൽനിന്ന് പണം അനുവദിച്ചു കിട്ടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ടിയിരുന്ന ഫണ്ട് കേരളത്തിന് പൂർണമായും അനുവദിച്ചു കിട്ടിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. കൃത്യമായി ഫണ്ട് ലഭിക്കാത്തത് മിഷന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
സർക്കാർ ആശുപത്രികളിൽനിന്ന് പ്രസവശേഷം ഡിസ്ചാർജ് ആവുമ്പോൾ വീട്ടിലേക്ക് സൗജന്യ യാത്ര അനുവദിക്കുന്ന മാതൃയാനം പദ്ധതിയിൽ ടാക്സി ഡ്രൈവർമാർക്ക് ജില്ലയിൽ മാത്രം 15 ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. ആയുഷ്മാന്‍ പദ്ധതിയിൽനിന്ന് ധനസഹായം ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെല്ലാം ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിർ’ എന്ന് പേരുമാറ്റി ബ്രാൻഡ് ചെയ്യണമെന്ന ഉത്തരവ് കേരളത്തിൽ കൃത്യമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്നത്.
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാനമാകെ ജീവനക്കാർ ജൂലൈ ഒന്നു മുതൽ നിസ്സഹകരണ സമരവും 10ന് സൂചനാ പണിമുടക്കും നടത്തുമെന്ന് എൻ.എച്ച്.എം എംപ്ലോയീസ് യൂനിയൻ ജില്ല കമ്മിറ്റി അറിയിച്ചു.
അർഹതപ്പെട്ട ഫണ്ട് അനുവദിക്കാതെ, ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. 2024-25 വർഷത്തിൽ 821 കോടി അനുവദിച്ചെങ്കിലും മൂന്നുമാസമായിട്ടും ഫണ്ട് കൈമാറിയിട്ടില്ല. ഇതുമൂലം ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല.
മേയ് മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഒരു വർഷം മുമ്പേ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത കാരണം നടപ്പിലായിട്ടില്ലെന്നും എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ ആരോപിക്കുന്നു.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ വഞ്ചനാപരമായ സമീപനം അവസാനിപ്പിക്കുക, പ്രസവാവധി പൂർണമായും അനുവദിക്കുക, എല്ലാ ജീവനക്കാർക്കും ഇ.പി.എഫ് അനുവദിക്കുക, ഇ.എസ്.ഐ ആനുകൂല്യം നിലനിർത്തുക, അർഹമായ എല്ലാവർക്കും യാത്രാബത്ത അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.