ശ്വസനനാളികള്‍ ചുരുങ്ങി വായുസഞ്ചാരം തടസ്സപ്പെടുത്തുന്നതും ഗുരുതരമായാല്‍ മരണകാരണമാകുന്നതുമായ രോഗാവസ്ഥയാണ് ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി). രോഗം ബാധിച്ചവരില്‍ ദീര്‍ഘകാല അസ്വസ്ഥതകള്‍ക്ക് വഴിവെക്കുകയും വിട്ടുമാറാതെ തുടരുകയും ചെയ്യുന്നതിനാല്‍ കൃത്യമായ ചികിത്സയും നിരന്തര പരിചരണവും ആവശ്യമായ രോഗാവസ്ഥയാണിത്.
രോഗബാധിതരില്‍ ക്രമേണ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത വലിയ തോതില്‍ കുറഞ്ഞുവരുന്നതിനാല്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ മുന്‍നിരയിലാണ് സി.ഒ.പി.ഡി. സാധാരണ 50 വയസ്സിന് മുകളിലുള്ള പുകവലിക്കാരിലാണ് ഈ രോഗം കണ്ടുവരുന്നത്.
പ്രധാനമായും പുകവലിക്കുന്നവരെയാണ് ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മണറി ഡിസീസ് ബാധിക്കുന്നത്. പുകവലിക്കുന്നതുമൂലം ശ്വസനനാളികളില്‍ നീര്‍ക്കെട്ട് രൂപപ്പെടുന്നതിനാല്‍ ശ്വസനനാളി ചുരുങ്ങുന്നതിനും വേണ്ടത്ര ഓക്സിജന്‍ ശരീരത്തിലെത്താതിരിക്കുന്നതിനും കാരണമാകുന്നു.
മറ്റുള്ളവര്‍ പുകവലിക്കുമ്പോള്‍ പുക ശ്വാസകോശത്തിലെത്തുന്നതും (പാസിവ് സ്മോക്കിങ്) ഈ രോഗത്തിന് കാരണമാകും. എന്നാല്‍, പുകവലി കൂടാതെ മറ്റു പലതരത്തില്‍ പുക ശ്വസിക്കുന്നതും സി.ഒ.പി.ഡി ബാധിക്കുന്നതിന് വഴിവെക്കാറുണ്ട്. വിറകുപോലുള്ളവ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത്, ഫാക്ടറികളില്‍നിന്നുള്ള പുക, വാഹനങ്ങളില്‍നിന്നുള്ള പുക തുടങ്ങിയവ പതിവായി ശ്വസിക്കുന്നത് സി.ഒ.പി.ഡി ബാധിക്കാന്‍ കാരണമാകും. ചിലരില്‍ ആസ്ത്മ നിയന്ത്രണവിധേയമാകാത്തതും ക്രോണിക് ഒബ്സ്ട്രക്ടിവ് പള്‍മണറി ഡിസീസ് ആയി രൂപപ്പെടാറുണ്ട്. സ്ത്രീകളില്‍ കൂടുതലും വിറകടുപ്പ് ഉപയോഗിക്കുന്നതുവഴിയാണ് രോഗം ബാധിക്കുന്നത്.
പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ വലിയതോതില്‍ പ്രകടമാകില്ലെന്നതാണ് സി.ഒ.പി.ഡി ഗുരുതരമാകുന്നതിനു കാരണമാകുന്നത്. ക്രമേണ രോഗാവസ്ഥ ഗുരുതരമാകുന്നതോടെ ശ്വാസതടസ്സം, കിതപ്പ്, ശ്വാസകോശ അണുബാധ, കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. കൂടാതെ കാലുകളില്‍ നീര്, ശരീരം ക്ഷീണിക്കുക തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെടും. ശ്വസനനാളി ചുരുങ്ങുന്നത് കൃത്യമായ ശ്വസനം നടക്കുന്നതിനു തടസ്സമാവുക വഴി ശരീരത്തില്‍ ആവശ്യമായ ഓക്സിജന്‍ ലഭ്യതയില്ലാതിരിക്കുകയും കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വർധിക്കുകയും ചെയ്യുന്നതിനാലാണിത്.
സി.ഒ.പി.ഡി ഗുരുതരമാകാതിരിക്കാനും മരണത്തിലേക്ക് നയിക്കാതിരിക്കാനും രോഗം വേഗത്തില്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ ഒരു പള്‍മണോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കണം. പള്‍മണറി ഫങ്ഷന് ടെസ്റ്റ്/ സ്പൈറോമെട്രി പരിശോധന വഴി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനാകും. രക്തത്തിലെ ഓക്സിജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ അളവ് പരിശോധിക്കുന്നതിനുള്ള ആർട്ടീരിയ ബ്ലഡ് ഗ്യാസ് അനാലിസിസ്, എക്സ്റേ, സി.ടി സ്കാന്‍ തുടങ്ങിയവയിലൂടെ രോഗം കണ്ടെത്താനും അനുയോജ്യമായ ചികിത്സ നിര്‍ണയിക്കാനും സാധിക്കും. കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കിയില്ലെങ്കില്‍ ദൈനംദിന കാര്യങ്ങള്‍പോലും സ്വയം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് രോഗി മാറും.
രോഗം സ്ഥിരീകരിച്ചാല്‍ തുടര്‍ച്ചയായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. ശ്വസനനാളി ചുരുങ്ങിയിരിക്കുന്നതിനാല്‍ അത് വികസിപ്പിക്കുന്നതിനുള്ള ബ്രോങ്കോഡയലെറ്റേഴ്സ് മരുന്നുകളാണ് പ്രധാനമായും നല്‍കുന്നത്. ചികിത്സ കൂടുതല്‍ ഫലപ്രദമാകാന്‍ ഇന്‍ഹേലറുകളും ഉപയോഗിക്കും. ശ്വസനനാളികള്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചവര്‍ക്ക് BIPAP പോലുള്ള ശ്വസനസഹായ ഉപകരണങ്ങള്‍ നല്‍കാറുണ്ട്.
ശരീരത്തിലെ ഓക്സിജന്‍ അളവ് സ്ഥായിയായി കുറയുന്നവരില്‍ ഓക്സിജന്‍ തെറപ്പി ഗുണം ചെയ്യും. എപ്പോഴും 88 ശതമാനത്തിന് താഴെ ഓക്സിജന്‍ നില തുടരുകയാണെങ്കില്‍ വീട്ടില്‍തന്നെ ഓക്സിജന്‍ കോണ്സൻട്രേറ്റര് ഉപയോഗിച്ച് ആരോഗ്യകരമായ ഓക്സിജന്‍ അളവ് നിലനിര്‍ത്താനാകും.
മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുള്ള ചികിത്സക്കൊപ്പംതന്നെ പള്‍മണറി റീഹാബിലിറ്റേഷന്‍ മാര്‍ഗങ്ങളും ശീലമാക്കുന്നത് രോഗികള്‍ക്ക് ആരോഗ്യകരമായി തുടരുന്നതിന് വലിയ പിന്തുണ നല്‍കും. സി.ഒ.പി.ഡി രോഗികളുടെ ശ്വാസകോശത്തെ ബലപ്പെടുത്തുന്നതിനുള്ള വ്യായാമരീതികളാണ് ഇതില്‍ പ്രധാനം. കൃത്യമായ ശ്വസന വ്യായാമങ്ങള്‍, പതിവായ നടത്തം, അമിതവണ്ണം കുറക്കുന്നതിനുള്ള വ്യായാമങ്ങൾ, ഭക്ഷണരീതി എന്നിവ അടങ്ങുന്നതാണ് പള്‍മണറി റീഹാബിലിറ്റേഷന്‍.
ഇതോടൊപ്പം മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. അതത് വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനമാണ് സി.ഒ.പി.ഡി രോഗികളില്‍ പള്‍മണറി റീഹാബിലിറ്റേഷന്‍ നടപ്പാക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്. രോഗം ബാധിച്ചവര്‍ മരുന്ന്, മരുന്നിതര ചികിത്സ രീതികള്‍ സ്വീകരിക്കുന്നതോടൊപ്പം ജീവിതശൈലിയില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും ഗുണം ചെയ്യും. ശ്വാസകോശ അണുബാധക്ക് എേപ്പാഴും സാധ്യതയുള്ളതിനാല്‍ ന്യൂമോകോക്കല്‍ വാക്സിന്, ഇൻഫ്ലുവൻസ വാക്സിന് എന്നിവ നിശ്ചിത കാലയളവില്‍ എടുക്കണം. കഫക്കെട്ട്, ശ്വാസകോശ അണുബാധ എന്നിവയുള്ളവരില്നിന്ന് അണുബാധക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണം.
ഇത്തരം സാഹചര്യങ്ങളില്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ പുക ശ്വസിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം. ഇത്തരത്തില്‍ ചികിത്സയും ജീവിതശൈലിയും ക്രമീകരിച്ചാല്‍ ഈ രോഗാവസ്ഥ ഗുരുതരമാകാതെ മുന്നോട്ടുപോകാന്‍ സാധിക്കും. എന്നാല്‍, ചികിത്സയും പരിചരണവുമില്ലാതെ അവഗണിക്കുകയാണെങ്കില്‍ ശരീരത്തില്‍ മറ്റു പല അനുബന്ധ രോഗാവസ്ഥകള്‍ക്കും ഇത് കാരണമാകും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതിനാല്തന്നെ ഹൃദയസംബന്ധമായ പല രോഗങ്ങളും ബാധിക്കാന്‍ ഇത് വഴിവെക്കും.
ശ്വാസകോശ അര്‍ബുദം ബാധിക്കുന്നതിനും ഇത്തരം രോഗികളില്‍ സാധ്യത കൂടുതലാണ്. കൂടാതെ പ്രമേഹം, രക്തസമ്മർദം, ഓസ്റ്റിയോപൊറോസിസ്, വിഷാദം, ശരീരഭാരം ക്രമാതീതമായി കുറയല്‍ തുടങ്ങി പല പ്രയാസങ്ങളും ഇത്തരം രോഗികളില്‍ അനുഭവപ്പെട്ടേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.