തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനാൽ ജാഗ്രത നിർദേശം നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 27,991 ആക്ടീവ് കേസുകളുണ്ട്. അതിൽ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 പേർ വെന്റിലേറ്ററുകളിലും ചികിത്സയിലാണെന്നും മന്ത്രി പറഞ്ഞു.
1000ന് മുകളില്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
4800 പുതിയ കേസുകളാണ് ബുധനാഴ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏഴ് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്.
കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേസുകൾ വർധിക്കുമ്പോഴും ആശുപത്രി ചികിത്സ തേടുന്നവരുടെയും ഐ.സി.യുകളിൽ പ്രവേശിക്കപ്പെടുന്നവരുടെയും എണ്ണം കുറവാണ്.
പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
രോഗവ്യാപനം തടയാൻ വ്യക്തിപരമായ ശ്രദ്ധ പ്രധാനമാണ്.എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കണം. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം കുട്ടികളെ സ്‌കൂളില്‍ വിടുക. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു നിന്ന് വീട്ടില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിന് ശേഷം വീട്ടിലുള്ളവരുമായി ഇടപെടാവൂ.
ജലദോഷം, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പ്രായമായവരോടും കുട്ടികളോടും ഇടപഴകരുത്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.