കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന മുഴുവൻ തടവുകാർക്കും അവബോധ ക്ലാസ് നൽകാൻ ജയിൽ വകുപ്പ്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഓൺലൈനായി വിചാരണ തടവുകാരടക്കമുള്ളവർക്കും ജീവനക്കാർക്കുമാണ് ക്ലാസ് നൽകുന്നത്. നേരത്തേ 500 പേർക്ക് നേരിട്ട് ലോഗിൻ ചെയ്ത് പങ്കെടുക്കാവുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചിരുന്നു.
ഇത് വിജയമെന്ന് കണ്ടതോടെ ഞായറാഴ്ച ആയിരം പേർക്ക് ലോഗിൻ ചെയ്ത് ക്ലാസിൽ പങ്കെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയത്. ജയിൽ ജീവനക്കാർക്കൊപ്പം കുടുംബങ്ങൾക്കും ക്ലാസിൽ പങ്കുചേരാം. അവബോധ ക്ലാസ് ലൈവായി എല്ലാ ജയിൽ അന്തേവാസികൾക്കും എത്തിക്കാൻ വിഡിയോ സംവിധാനം ഒരുക്കും.
വിഡിയോ സംവിധാനം ഇല്ലാത്ത ജയിലുകളിൽ നിലവിലുള്ള 'പബ്ലിക് അഡ്രസ് സിസ്റ്റം' ഇതിനായി ഉപയോഗപ്പെടുത്തും. ജയിൽ വകുപ്പിന്റെ ഫേസ്ബുക്ക് ലൈവിലുള്ള ക്ലാസ് സൗകര്യപ്രദമായ സമയത്ത് അന്തേവാസികൾക്ക് കാണാനും അവസരമൊരുക്കും. ജയിൽ വകുപ്പിന് കീഴിലെ ഓഫിസുകളിൽനിന്നും ജയിലുകളിൽനിന്നും ലോഗിൻ ചെയ്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടവരുടെ എണ്ണം തിരിച്ചുള്ള പട്ടികയും ജയിൽ വകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എസ്. സന്തോഷ് പുറത്തിറക്കിയിട്ടുണ്ട്. ക്ലാസിലെ കോവിഡ് നിയന്ത്രണം, ഹോം ക്വാറന്റീൻ എന്നിവ സംബന്ധിച്ച സന്ദേശം എല്ലാ തടവുകാരിലും ജീവനക്കാരിലും എത്തിയെന്ന് ഉറപ്പാക്കേണ്ട ചുമതല മേഖല ഡി.ഐ.ജിമാർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.