ദീർഘവും സംതൃപ്തവുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, അതു നേടാനുള്ള വഴികൾ അത്ര വിരസമൊന്നുമല്ല. പുതു വഴികൾ തേടുന്നവർക്കായി അഞ്ച് ആരോഗ്യ ശീലങ്ങൾ ഇതാ...
ഡയറ്റ് ട്രെൻഡുകൾക്ക് പിന്നാലെ പോകുന്നതിനു പകരം ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക എന്നതാണ് അതിലൊന്ന്. എന്താണ് കഴിക്കുന്നതെന്നും അതെങ്ങനെയാണ് നമുക്ക് അനുഭവപ്പെടുന്നതെന്നും മനസ്സിലാക്കുക. ആസ്വദിച്ച് സാവധാനം കഴിക്കുക. 80 ശതമാനം നിറഞ്ഞാൽ നിർത്തുക. ഇത് അമിതാഹാരം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടുതൽ സസ്യവിഭവങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീൻസ്, പയർ, പരിപ്പ്, ഇലവർഗങ്ങൾ എന്നിവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അർബുദം, ഹൃദ്രോഗം തുടങ്ങിയവയിൽനിന്ന് സംരക്ഷിക്കും.
ഊർജസ്വലരായി തുടരാൻ ജിമ്മിൽ പോകണമെന്നില്ല. ‘ബ്ലൂ സോണുകളിൽ’ (ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ളവർ ജീവിക്കുന്ന പ്രദേശങ്ങൾ) ആളുകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ വ്യായമമായി ചിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. കൂടുതൽ നടക്കുക, കെട്ടിടങ്ങളിൽ ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക, പൂന്തോട്ടം ഒരുക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ തീവ്രത കുറഞ്ഞ, സ്ഥിരതയുള്ള പ്രവൃത്തികൾ ആരോഗ്യത്തിന് സഹായകമാകും
ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്നതു പോലെ ദോഷകരമാണ് ഏകാന്തത. പോസിറ്റിവായ ബന്ധങ്ങൾ സമ്മർദം കുറക്കുകയും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ചെയ്യും. പ്രാദേശിക ക്ലബിൽ ചേരുക, സന്നദ്ധസേവനങ്ങളിൽ പങ്കാളിയാവുക, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചെലവഴിക്കുക തുടങ്ങിയവ ആരോഗ്യജീവിതത്തിന് സഹായകമാകും.
പ്രകൃതിയിൽ സമയം ചെലവിടുക, ഉച്ചയുറക്കംപോലുള്ള ചെറിയ മയക്കം, ധ്യാനം എന്നിവ ആരോഗ്യത്തിന് സഹായകമാണ്. പച്ചപ്പു നിറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള ചെറിയ നടത്തം മാനസിക ഉന്മേഷം വർധിപ്പിക്കും.
എല്ലാ ദിവസവും രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ ഒരു കാരണം ഉണ്ടാവണം. അത് തന്റെ ഹോബി ചെയ്യാനോ മറ്റുള്ളവരെ സഹായിക്കാനോ വ്യക്തിപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനോ ആവാം.
ശക്തമായ ലക്ഷ്യബോധമുള്ള ആളുകൾക്ക് മറവിരോഗം പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.