കൊച്ചി: മാതാപിതാക്കളിലൊരാൾ നേരത്തേ മരിക്കുകയും അവശേഷിച്ച ആളെ കോവിഡ് കവർന്നെടുക്കുകയും ചെയ്തതോടെ പൂർണ അനാഥരായി മാറിയ കുട്ടികൾക്കുള്ള രണ്ടാംഘട്ട ധനസഹായമായി സർക്കാർ 1.48 കോടി രൂപ അനുവദിച്ചു. 10 ജില്ലയിലെ 47 കുട്ടികൾക്ക് മൂന്നുലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റും 2000 രൂപ പ്രതിമാസ ധനസഹായവും അനുവദിച്ചാണ് ഉത്തരവായത്.
നേരത്തേ 12 ജില്ലയിലെ 56 പേർക്ക് 1.71 കോടി രൂപ അനുവദിച്ചിരുന്നു. കൊല്ലം ജില്ലയിൽ എട്ട് കുട്ടികൾക്ക് 24 ലക്ഷം എഫ്.ഡിയും 1,60,000 രൂപ പ്രതിമാസ സഹായവും രണ്ടാം ഘട്ടമായി അനുവദിച്ചു.
പത്തനംതിട്ടയിലെ ഒരുകുട്ടിക്ക് മൂന്നുലക്ഷവും 18,000 രൂപയും ആലപ്പുഴയിലെ അഞ്ചുപേർക്ക് 15 ലക്ഷവും 1,42,000 രൂപയും എറണാകുളത്തെ അഞ്ചുപേർക്ക് 15 ലക്ഷവും 96,000 രൂപയും തൃശൂരിലെ എട്ടുപേർക്ക് 24 ലക്ഷവും 8000 രൂപയും പാലക്കാട്ടെ രണ്ടുപേർക്ക് ആറുലക്ഷവും 60,000 രൂപയും ഇടുക്കിയിലെ ആറുപേർക്ക് 18 ലക്ഷവും 1,08,000 രൂപയും മലപ്പുറത്തെ നാലുപേർക്ക് 12 ലക്ഷവും 72,000 രൂപയും കണ്ണൂരിലെ മൂന്നുപേർക്ക് ഒമ്പത് ലക്ഷവും 36,000 രൂപയും കാസർകോട്ടെ അഞ്ചുപേർക്ക് 15 ലക്ഷവും 64,000 രൂപയും വീതമാണ് അനുവദിച്ചത്. കുട്ടികൾക്ക് 18 വയസ്സാകും വരെയാണ് ഇവരുടെയും രക്ഷാകർത്താവിന്റെയും ജോയൻറ് അക്കൗണ്ടിലേക്ക് പ്രതിമാസം 2000 രൂപ നിക്ഷേപിക്കുക.
വനിത-ശിശു വികസന വകുപ്പ്, ജില്ല വനിത-ശിശു വികസന ഓഫിസർമാരും ജില്ല ശിശുസംരക്ഷണ ഓഫിസർമാരും മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്. ഫിക്സഡ് ഡെപ്പോസിറ്റായ മൂന്നുലക്ഷം രൂപ വീതം ഒരാഴ്ചക്കുള്ളിൽ അർഹരായ കുട്ടിയുടെയും ജില്ല ശിശുസംരക്ഷണ ഓഫിസറുടെയും പേരിൽ ട്രഷറിയിൽ നിക്ഷേപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.