മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ പൊതുവിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. വിവിധ സംസ്ഥാന സർക്കാരുകൾ വാക്സിൻ സൗജന്യമായും പണം വാങ്ങിയും ജനത്തിന് ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടെ കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായകമായൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് നാം. വാക്സിനേഷനാണ് കോവിഡിൽ നിന്നുള്ള മനുഷ്യരാശിയുടെ ഏക രക്ഷാമാർഗം എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ഡോ.വിശാഖ. ഇതുസംബന്ധിച്ച് ഒരു പുസ്തകവും ഇവർ പുറത്തിറക്കിയിട്ടുണ്ട്. ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള മഹാമാരികളുമായി താരതമ്യപ്പെടുത്തുേമ്പാൾ കോവിഡിന് ചില പ്രത്യേകതകളുണ്ട്. കോവിഡ് വാക്സിനേഷൻ സ്വീകരിച്ച ശേഷവും രോഗം വരുന്നുണ്ട് എന്നതാണ് അതിൽ പ്രധാനം. അതുകൊണ്ടുതന്നെ വാക്സിൻ ഫലപ്രദമാക്കാൻ നമ്മുടെ ജീവിതചര്യകൾ ക്രമീകരിക്കേണ്ടതുണ്ടെന്നാണ് ഡോ.വിശാഖ തന്‍റെ പുസ്തകത്തിൽ പറയുന്നത്.
1. ഉറക്കം
വാക്സിനേഷൻ എടുക്കുന്നതിന് മുമ്പുള്ള ഒരാഴ്ച്ച ഉറക്കത്തിന്‍റെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയം കുറഞ്ഞത് ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇത് വാക്സിനേഷനെ കൂടുതൽ ഫലപ്രദമാക്കും.
2. പ്രോബയോട്ടിക് ഭക്ഷണം കഴിക്കാം
നമ്മുടെ പ്രതിരോധത്തിന്‍റെ 75 ശതമാനവും ആശ്രയിക്കുന്നത് ഭക്ഷണത്തെയാണ്. ഇതിൽ പ്രോബയോട്ടിക് ഭക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്്. വെണ്ണ, ചീസ്, യോഗട്ട്, തൈര്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവയൊക്കെ പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്. ഇവ വാക്സിനേഷനുമുമ്പ് കൂടുതലായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
3. അമിത സമ്മർദം ഒഴിവാക്കണം
വിട്ടുമാറാത്ത സമ്മർദ്ദം കാര്യങ്ങൾ കൂടുതൽ വഷളാക്കും. 'കടുത്തതോ വിട്ടുമാറാത്തതോ ആയ സമ്മർദ്ദം വാക്സിനോടുള്ള പ്രതികരണത്തെ ദുർബലപ്പെടുത്തും' -ഡോ. വിശാഖ പറയുന്നു. വാക്സിനേഷനുമുമ്പ് ശാന്തമായ വ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കുക. എയറോബിക്സ് എക്സർസൈസുകൾ ആണ് നല്ലത്. നടത്തവും ശ്വസന നിയന്ത്രണവും കൂടുതൽ ഫലപ്രദമാണ്.
4.പുകവലി ഒഴിവാക്കാം
വാക്സിനേഷനുമുമ്പ് പുകവലി പൂർണമായും ഒഴിവാക്കണം. കാരണം ഇത് നിരവധി വാക്സിനുകളിലേക്കുള്ള ആന്‍റിബോഡി പ്രതികരണം കുറയ്ക്കും. നിക്കോട്ടിൻ അഡിക്ക്ഷൻ ഒഴിവാക്കുന്ന മിഠായികളോ മരുന്നുകളോ തൽക്കാലത്തേക്ക് ഉപയോഗിക്കുന്നതും നല്ലതാണ്.
5. മദ്യപിക്കരുത്
മദ്യം ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണ്. വാക്സിനേഷൻ എടുക്കുന്നതിന് 3-4 ദിവസം മുമ്പ് മദ്യം കഴിക്കുന്നത് നിർത്തുന്നത് നല്ലതാണ്. ശരീരത്തിലെ മദ്യത്തിന്‍റെ അളവ് വാക്സിനോടുള്ള നമ്മുടെ പ്രതികരണത്തെ ദുർബലപ്പെടുത്തും. 'കുത്തിവയ്ക്കുന്നതിന് 3 ദിവസം മുമ്പും ശേഷവും മദ്യം ഒഴിവാക്കുക. ഇഞ്ചക്ഷൻ ലഭിക്കുന്നതിന് 45 ദിവസം മുമ്പ് അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കുക' -ഡോക്ടർ പറഞ്ഞു.
6.സിങ്ക് ഭക്ഷണങ്ങൾ ശീലമാക്കുക
ആന്‍റിബോഡി പ്രതികരണം വർദ്ധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. വാക്സിനേഷന് രണ്ടാഴ്ച മുമ്പെങ്കിലും ഭക്ഷണത്തിൽ സിങ്ക് ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക. മാട്ടിറച്ചി, കരൾ, മുളപ്പിച്ച ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ബദാം, കൂണ് എന്നിവയെല്ലാം സിങ്കിന്‍റെ മികച്ച കലവറയാണ്. ശരീരത്തിലെ സിങ്കിന്‍റെ അപര്യാപ്തത ദഹനത്തിനും ആരോഗ്യത്തിനും ദോഷകരമാണ്. അതിനാൽ വാക്സിനേഷനുമുമ്പ് സിങ്ക് അടങ്ങിയ ഭക്ഷണം വർധിപ്പിക്കുക.
7. പ്രോട്ടീൻ വർധിപ്പിക്കുക
കോവിഡ് വാക്സിനേഷനുമുമ്പ് പ്രോട്ടീൻ ശരീരത്തിൽ എത്തേണ്ടത് നിർണായകമാണ്. ഇത് ഉറപ്പാക്കാൻ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മുട്ടയും മാംസാഹാരവുമാണ് പ്രോട്ടീനിന്‍റെ പ്രധാന ഉറവിടം. എങ്കിലും നിരവധി വെജിറ്റബിൾസും പ്രോട്ടീൻ സമൃദ്ധമാണ്. കോളിഫ്ലവർ, ഗ്രീൻപീസ്, കാബേജ്, കൂൺ, സോയാബീൻ തുടങ്ങിയവയിലെല്ലാം പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.