ദോഹ: പെട്ടെന്നുള്ള ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവില്ലെന്ന് അസ്പറ്റാർ സ്പോർട്സ് ഫിസിഷ്യൻ ഡോ. ലൂയിസ് ഹോൾസോസെൻ. അത്ലറ്റുകളിൽ ഹൃദയാഘാതത്തിന് കോവിഡ് കാരണമാകുന്നുവെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ ഡോ. ലൂയിസ് വ്യക്തമാക്കി.
അതേസമയം, ഏതു ഇൻഫെക്ഷൻ ബാധിച്ചാലും ശരീരത്തിന് വിശ്രമം നൽകണം. അണുബാധയുള്ളപ്പോൾ വ്യായാമങ്ങളിലേർപ്പെടുന്നത് അപകട സാധ്യത വർധിപ്പിക്കും. പ്രത്യേകിച്ച് പനിയുണ്ടെങ്കിൽ പൂർണമായും ഭേദമായതിനുശേഷം മാത്രമേ തിരിച്ച് വ്യായാമത്തിലേർപ്പെടാൻ പാടുള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഫുട്ബാൾ കളിക്കാർക്കിടയിലുണ്ടാകുന്ന ഹൃദയാഘാതം സംബന്ധിച്ച് ഫിഫ ആഗോളാടിസ്ഥാനത്തിൽ തന്നെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എന്നാൽ കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷമോ വാക്സിൻ വിതരണത്തിനുശേഷമോ കളിക്കാർക്കിടയിലെ ഹൃദയാഘാതത്തിൽ വർധന രേഖപ്പെടുത്തിയിട്ടില്ലെന്നും ഡോ. ലൂയിസ് ചൂണ്ടിക്കാട്ടുന്നു.
ഹൃദയാഘാതത്തിെൻറ പ്രധാന കാരണങ്ങളിലൊന്നായ മയോ കാർഡിറ്റിസ് വൈറൽ ഇൻഫെക്ഷൻ മൂലം സംഭവിക്കാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫ്ളു, ഗാസ്േട്രാഎൻടെറൈറ്റിസ്, കോവിഡ് തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും.
ഇപ്പോൾ ഗാസ്േട്രാഎൻടെറൈറ്റിസ് ബാധിച്ചാൽ കാര്യമായ ലക്ഷണങ്ങളൊന്നും കാണപ്പെടുന്നില്ലെന്നും രോഗിക്ക് ക്ഷീണം മാത്രമേ അനുഭവപ്പെടുകയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
അത്ലറ്റുകൾക്കിടയിലെ ഹൃദയാഘാതം വളരെ കുറവാണെന്നും 50,000 ത്തിൽ ഒരാൾക്ക് മാത്രമേ സംഭവിക്കുന്നുള്ളൂവെന്നും ഡോ. ലൂയിസ് പറഞ്ഞു. ഖത്തറിൽ അത്ലറ്റുകൾ പ്രതിവർഷം ഹൃദയ പരിശോധനക്ക് വിധേയരാകുന്നുണ്ട്.
1000 അത്ലറ്റുകളിൽ ആറു പേർക്ക് മാത്രമാണ് ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ആറ് പേരിൽ രണ്ടു പേർ കൃത്യസമയത്തെ ചികിത്സ കാരണം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത് സന്തോഷം നൽകുന്ന കാര്യമാണ് -വെയ്ൽ കോർണെൽ മെഡിസിൻ അസി. പ്രഫസർ കൂടിയായ ഡോ. ലൂയിസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.