വ്യത്യസ്ത തരത്തിലുള്ള നഖങ്ങളും ആരോഗ്യസ്ഥിതിയും..

നമ്മുടെ നഖത്തിലെ ചില ലക്ഷണങ്ങള്‍ നോക്കിയാല്‍ ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങളുടെ നഖങ്ങള്‍ എളുപ്പത്തില്‍ പൊട്ടിപോവുകയോ ഒടിഞ്ഞുപോവുകയോ ചെയ്യുന്നുണ്ടോ? നഖങ്ങള്‍ തേഞ്ഞ് ആരോഗ്യമില്ലാതെയാകുന്നുണ്ടോ? നഖത്തില്‍ നിറവ്യത്യാസങ്ങളുണ്ടോ? ആകൃതിയില്‍ മാറ്റം ഉണ്ടോ? ഉണ്ടെങ്കില്‍ ഈ ലക്ഷണങ്ങളൊന്നും അവഗണിക്കാൻ നിൽക്കേണ്ട.

പോഷകാഹാര വിദഗ്ധയായ സിമ്രുണ്‍ ചോപ്രയാണ് ഇത് പറയുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ ഇക്കാര്യങ്ങൾ പറയുന്നത്. കട്ടികുറഞ്ഞതും മൃദുവായതുമായ നഖങ്ങള്‍ പലരെയും ആശങ്കപ്പെടുന്ന ഒരു കാര്യമാണ്. നിങ്ങള്‍ക്ക് നേര്‍ത്തതും മൃദുവായതുമായ നഖങ്ങളാണെങ്കില്‍ അത് വിറ്റാമിന്‍ ബി യുടെ കുറവിനെയാണ് പ്രധാനമായും സൂചിപ്പിക്കുന്നത് എന്നാണ് സിമ്രൂണ്‍ ചോപ്ര പറയുന്നത്. അതോടൊപ്പം നിങ്ങളുടെ ഭക്ഷണത്തില്‍ കാല്‍സ്യം, അയൺ, ഫാറ്റി ആസിഡ് എന്നിവ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യവും ഉണ്ട്.

സ്പൂൺ നെയിൽസ്

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത്തരം നഖങ്ങള്‍ സ്പൂണിന്റെ ആകൃതിയിലാണ് ഉണ്ടായിരിക്കുക. നേരെ വളരുന്നതിന് പകരം ഒരു സ്പൂണ്‍ പോലെ വളഞ്ഞായിരിക്കും നഖങ്ങള്‍ കാണപ്പെടുക. ഇത്തരത്തിലുളള നഖങ്ങളാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ വിളര്‍ച്ച, ഹൈപ്പോ തൈറോയിഡിസം, കരള്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇങ്ങനെയുള്ളവര്‍ അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. അതോടൊപ്പം മറ്റ് ആവശ്യ പോഷകങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

നഖങ്ങളിലെ വെളുത്ത പാടുകള്‍

നഖങ്ങളിലെ വെളുത്ത പാടുകള്‍ വെറും പാടുകളായി തള്ളി കളയരുത്. അവയ്ക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് മറ്റ് പല കാര്യങ്ങളും വെളിപ്പെടുത്താന്‍ സാധിക്കും. ഈ വെളുത്ത പാടുകള്‍ സിങ്കിന്റെ കുറവാകാം, അല്ലെങ്കിൽ ഫംഗസ് അണുബാധയുടെ ലക്ഷണങ്ങളോ ആകാം. ചില സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും അലര്‍ജി പ്രശ്‌നങ്ങള്‍ കൊണ്ടും വെളുത്ത പാടുകള്‍ വരാം.

ടെറീസ് നെയില്‍സ്

ഇത് നഖങ്ങളുടെ ഒരു അവസ്ഥയാണ്. ഈ അവസ്ഥയുള്ളവരുടെ കൈയ്യുടെയോ കാലിന്റെയോ നഖങ്ങള്‍ ഗ്രൗണ്ട് ഗ്ലാസ് പോലെ വെളുത്തതായിട്ടായിരിക്കും കാണപ്പെടുക. ഇത്തരത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് കരള്‍ അല്ലെങ്കില്‍ കിഡ്നി പ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് സിമ്രൂൺ പറയുന്നു.

നഖങ്ങളിലെ മഞ്ഞ നിറം

നിങ്ങളുടെ നഖങ്ങള്‍ മഞ്ഞ നിറമാകാനുളള പ്രധാനപ്പെട്ട കാരണം അമിതമായ പുകവലിയാണ്. കൂടാതെ ഫംഗസ് അണുബാധ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, റുമറ്റൊയിഡ് ആര്‍ത്രൈറ്റിസ് അല്ലെങ്കില്‍ തൈറോയിഡ് രോഗം എന്നിവയെയും നിറവ്യത്യാസം സൂചിപ്പിക്കാം. കൂടാതെ മഞ്ഞനിറം പ്രമേഹത്തിന്റെ ലക്ഷണവുമായിരിക്കാം.

Tags:    
News Summary - different nails means different health Conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.