തൃശൂർ: 'വകുപ്പിലെ പല ജീവനക്കാർക്കും ഇ-ഹോസ്പിറ്റൽ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് മനസ്സിലാക്കുന്നു. സംവിധാനത്തെപറ്റി അവബോധം നൽകാൻ ഡോ. മനേഷ് കുമാറിനെ ചുമതലപ്പെടുത്തുന്നു...', 'സംസ്ഥാനത്ത് ടി.ആർ-5 സംവിധാനം ഇ.ടി.ആർ-5ലേക്ക് മാറിയതിനാൽ വിഷയത്തിൽ ക്ലാസെടുക്കാൻ ഡോ. മനേഷ് കുമാറിനെ ചുമതലപ്പെടുത്തുന്നു'. തുടരെ ഇങ്ങനെ ഉത്തരവുകൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ജില്ലകളിൽ പോയി ക്ലാസെടുത്തും ഓൺലൈനിലുമായി ഈ ഡോക്ടർക്ക് നിന്നുതിരിയാൻ നേരമില്ല.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ആയുർവേദ വിഭാഗത്തിൽ സീനിയർ മെഡിക്കൽ ഓഫിസറായ ഡോക്ടർ ഇതിനകം സർവിസ് സംബന്ധമായ നൂറ്റിയിരുപതിലേറെ ഹാൻഡ്ഔട്ടുകൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഇ-പുസ്തകമാക്കിയിട്ടുണ്ട്. സ്വന്തം വകുപ്പായ ആയുർവേദത്തിന് വേണ്ടിയാണ് തയാറാക്കിയതെങ്കിലും ലളിതഭാഷയും വ്യക്തതയും കാരണം സർക്കാർ സർവിസിലെ എല്ലാവരിലും വിവിധ വിഷയങ്ങളിലെ പുസ്തകം സോഫ്റ്റ് കോപ്പികൾ വൈറൽ ഷെയറായിക്കഴിഞ്ഞിട്ടുണ്ട്. വാട്സ്ആപ്-ടെലിഗ്രാം ആപ്പുകളിലെ ജീവനക്കാരുടെ കൂട്ടായ്മകളിൽ ഇപ്പോഴും ഡോക്ടറുടെ ഇ-പുസ്തകങ്ങൾക്ക് വൻ ഡിമാൻഡാണ്. ഈ സ്വീകാര്യത മനസ്സിലാക്കി ഭാരതീയ ചികിത്സവകുപ്പ് ഇ-ഹോസ്പിറ്റൽ സ്റ്റേറ്റ് നോഡൽ ഓഫിസറായി ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ആയൂർ സ്വദേശിയായ ഡോ. മനേഷ് കുമാർ കണ്ണൂർ ഗവ. ആയുർവേദ കോളജിൽ യു.ജിയും ജാം നഗർ ആയുർവേദ യൂനിവേഴ്സിറ്റിയിൽനിന്ന് പി.ജിയും പൂർത്തിയാക്കിയാണ് സർക്കാർ സർവിസിൽ പ്രവേശിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഇല്ലാതിരുന്ന കാലത്ത് സർവിസ് സംബന്ധമായ സംശയങ്ങൾ നിവാരണം ചെയ്യാൻ ജില്ല ഓഫിസുകളിലെത്തണമായിരുന്നു. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി വിവിധ സർവിസ് വിഷയങ്ങളിൽ കൂടെയുള്ളവർക്ക് സഹായകമാകാൻ എഴുതിത്തുടങ്ങിയതാണെന്ന് ഡോ. മനേഷ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇംഗ്ലീഷിൽനിന്ന് മലയാളത്തിലാക്കിയതോടെ ആളുകൾക്ക് സൗകര്യമായി. അങ്ങനെ വകുപ്പിൽ വന്നുചേർന്ന പരിഷ്കാരങ്ങളിലൊക്കെ ഡോക്ടറുടെ കൈയൊപ്പ് പതിഞ്ഞ ഇ-പുസ്തകങ്ങൾ ഇറങ്ങിക്കൊണ്ടിരുന്നു. ഇ-ടി.ഡി.എസ്, സ്പാർക്ക്, റിട്ടയർമെന്റ്, സ്കോർ, പ്രിസം, സാംഖ്യ, ഇൻകം ടാക്സ്, ഇ-ഫയലിങ്, ദിവസവേതന ജീവനക്കാരുടെ വേതനം, മെഡിക്കൽ റീ ഇംമ്പേഴ്സ്മെന്റ്, ട്രാൻസ്ഫർ, സുലേഖ, സാംഖ്യ സാഫ്റ്റ്വെയർ, പേ റിവിഷൻ തുടങ്ങി ഇ-ട്രഷറി വരെയെത്തിരിക്കുന്നു ഇ-ഹാൻഡ്ഔട്ടുകളുടെ നിര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.