ഹീമോഫീലിയ ബാധിതർക്കുള്ള നൂതന ചികിത്സ മലപ്പുറത്ത് ആരംഭിച്ചു

തിരൂർ: രക്തം കട്ടപിടിക്കുന്നതിന് പ്രയാസം നേരിടുന്ന രോഗമായ ഹീമോഫീലിയ ബാധിതർക്കുള്ള നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്സിസിന് ജില്ലയിൽ തുടക്കം. ഹീമോഫീലിയ കാരണം ഗുരുതര രക്തസ്രാവത്തിനിരയായ പെരുവള്ളൂർ സ്വദേശിയായ അഞ്ച്​ വയസ്സുകാരനാണ് തിരൂർ ജില്ല ആശുപത്രിയിലെ ഡി.ഡി.സി.സിയിൽ എമിസിസുമാബ് മരുന്ന് നൽകിയത്. ഹീമോഫീലിയ രോഗമുള്ളവരിൽ കുറവുള്ള ഫാക്ടർ കുത്തിവെക്കുകയാണ് ഇതുവരെ ചെയ്തിരുന്നത്​. രക്തസ്രാവം ഉണ്ടാകുമ്പോൾ ഫാക്ടർ എടുക്കുന്ന 'ഓൺഡിമാൻഡ്'ചികിത്സയാണ് പരമ്പരാഗത രീതി. കേരളത്തിൽ കാരുണ്യ ഫാർമസി വഴി മരുന്ന് ലഭ്യമായപ്പോൾ ഫാക്ടറുകൾ ഓൺഡിമാൻഡ് ചികിത്സക്കാണ് ലഭ്യമായത്. കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി നിർണയിച്ച ഡോസ് ഫാക്ടർ മരുന്ന് നൽകുന്നതാണ് പ്രൊഫൈലാക്സിസ് ചികിത്സ.

'ആശാധാര'പദ്ധതി നിലവിൽ വന്നതോടെ സംസ്ഥാനത്ത് 10 വയസ്സിന്​ താഴെയുള്ള കുട്ടികൾക്ക് ഈ ചികിത്സ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫൈലാക്സിസ് ചികിത്സ 2021 ജൂലൈ 16നാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് കൂടുതൽ കുട്ടികൾ പ്രൊഫൈലാക്സിസ് സ്വീകരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഒരു ഡോസിന് ഒരു ലക്ഷം രൂപ വിലയുള്ള മരുന്ന് സൗജന്യമായാണ് നൽകുന്നത്. തിരൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബേബി ലക്ഷ്മി, നോഡൽ ഓഫിസർ ഡോ. ജാവേദ് അനീസ്, സ്റ്റോർ സൂപ്രണ്ട് മുസ്തഫ, നഴ്സ് കോഓഡിനേറ്റർ അശ്വിനി എന്നിവരുടെ നേതൃത്വത്തിലാണ് മരുന്ന് നൽകിയത്.

Tags:    
News Summary - Emicisumab prophylaxis, an innovative treatment for haemophilia patients, launched in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.