ന്യൂഡൽഹി: അവശ്യമരുന്നുകളുടെ പുതുക്കിയ പട്ടിക കേന്ദ്രസർക്കാർ പുറത്തിറക്കി. ഇൻസുലിൻ, ഗ്ലാർജിൻ പോലെ പ്രമേഹത്തിനുപയോഗിക്കുന്ന മരുന്നുകൾ, ഡെലാമനിഡ് പോലെ ക്ഷയരോഗത്തിനുള്ള മരുന്നുകൾ, ഐവർമെക്റ്റിൻ പോലുള്ള ആന്റിപാരസൈറ്റ് എന്നിവ അവശ്യ മരുന്നുപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടെ, പ്രമേഹത്തിനും ക്ഷയരോഗത്തിനുമുള്ള മരുന്നുകളടക്കം അവശ്യമരുന്നുകളുടെ വില കുറയും.
അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിശ്ചയിക്കുന്ന വിലയിൽ കുറച്ച് മാത്രമേ വിൽക്കാൻ അനുമതിയുള്ളു. പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ് ഷെഡ്യൂൾഡ് ഡ്രഗുകളുടെ വില വർധന നിശ്ചയിക്കുന്നത്. എന്നാൽ നോൺ-ഷെഡ്യൂൾഡ് മരുന്നുകൾക്ക്, കമ്പനികൾക്ക് എല്ലാ വർഷവും 10 ശതമാനം വരെ വില വർദ്ധിപ്പിക്കാം.
1.6-ട്രില്യൺ വരുന്ന ആഭ്യന്തര മരുന്ന് വിപണിയുടെ ഏകദേശം 17-18 ശതമാനം ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ സംഭാവനയാണ്. ഏകദേശം 376 മരുന്നുകൾ വില നിയന്ത്രണ പട്ടികയിലുള്ളവയാണ്.വിവിധ ബ്രാൻഡ് മരുന്നുകളുടെ വിപണി വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിയന്ത്രണത്തിനായുള്ള പരമാവധി വില നിശ്ചയിക്കുന്നത്. വില പരിധി ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും.
ഓരോ മൂന്ന് വർഷത്തിലും അവശ്യമരുന്ന് പട്ടിക പരിഷ്‌ക്കരിക്കാറുണ്ട്. 2015-ലാണ് അവസാനമായി പുതുക്കിയത്. കോവിഡ് കാരണം പുതിയ പട്ടിക വൈകുകയായിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയുടെ നേതൃത്വത്തിലുള്ള എൻ.എൽ.ഇ.എം കമ്മിറ്റിയാണ് പുതിയ പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.