ജിദ്ദ: കോവിഡ് പ്രതിസന്ധിയെ നേരിട്ട അനുഭവം ഭാവി ആരോഗ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവണമെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിൽ പറഞ്ഞു. കോവിഡ്-19നെ ചെറുക്കുന്നതിനുള്ള ഉപകരണങ്ങളുടെ ലഭ്യത ത്വരിതപ്പെടുത്തുന്നതിനുള്ള സംരംഭത്തിന്റെ അനുഭവത്തിൽനിന്ന് പ്രയോജനം നേടേണ്ടതുണ്ടെന്ന് ന്യൂഡൽഹിയിൽ നടന്ന ജി 20 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സൗദി അറേബ്യ 2020ൽ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിച്ചപ്പോൾ ആരംഭിച്ച പദ്ധതിയാണിത്. ആരോഗ്യപരമായ അത്യാഹിതങ്ങൾ തടയുന്നതിനും തയാറെടുക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് രാജ്യം നൽകിവരുന്ന പിന്തുണയും സഹായവും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.
ഡിജിറ്റൽ ആരോഗ്യത്തിന്റെ പരിവർത്തനത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുടെ ഉപയോഗത്തിലും സൗദിയുടെ ഗുണപരമായ അനുഭവം ഗ്ലോബൽ ഡിജിറ്റൽ ഹെൽത്ത് ഇനിഷ്യേറ്റിവ് ആരംഭിക്കാനുള്ള അധ്യക്ഷ പദവിയിലുള്ള ഇന്ത്യയുടെ ക്ഷണത്തോട് പ്രതികരിച്ച് മന്ത്രി വിശദീകരിച്ചു.
സമ്പൂർണ ആരോഗ്യ പരിരക്ഷക്കും എല്ലായിടത്തും ആവശ്യമുള്ളവർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും സംയുക്ത പ്രവർത്തനത്തിന്റെ ആവശ്യകതയും മന്ത്രി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ആരോഗ്യ മന്ത്രിമാരുടെയും ധനകാര്യ മന്ത്രിമാരുടെയും സംയുക്ത യോഗത്തിലും ആരോഗ്യ മന്ത്രി പങ്കെടുത്തു. ജി 20ന്റെ സംയുക്ത പ്രവർത്തനത്തെ സൗദി പിന്തുണക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
പകർച്ചവ്യാധി ഫണ്ട് പ്രയോജനപ്പെടുത്താൻ എല്ലാവരോടും അഭ്യർഥിച്ചു. 2020 ജി 20 അധ്യക്ഷ പദവിയിലിരിക്കെയാണ് ഫണ്ട് ആരംഭിച്ചത്. ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള വിടവ് നികത്തുന്നതിനുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഫണ്ട് വരുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.