തിരുവനന്തപുരം: ആശുപത്രിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളിൽനിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പെന്ന് ആരോപണം.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണാശുപത്രിയുടെ പുതിയതായി തുടങ്ങുന്ന ബ്രാഞ്ചുകളിൽ ഓഹരി പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി വാങ്ങിയ കോടിക്കണക്കിന് രൂപ തിരികെ നൽകിയില്ലെന്ന് നിക്ഷേപകർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും അന്വേഷണം ഇഴയുകയാണെന്നും നിക്ഷേപകനായ വിനോ തോമസും മറ്റൊരു നിക്ഷേപകനായ അജോയുടെ മകൻ അച്യുത് അജോയും കുറ്റപ്പെടുത്തി. 2016ൽ ദുബൈയിൽ നിക്ഷേപ സംഗമം വിളിച്ചുചേർത്താണ് നിരവധി മലയാളികളിൽനിന്ന് 10 മുതൽ 30 ലക്ഷം വരെ നിക്ഷേപമായി സ്വീകരിച്ചത്.
മൂന്നുവർഷത്തിന് ശേഷം 150 ശതമാനം ലാഭവിഹിതം ഉൾപ്പെടെ പണം തിരികെ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പണം വാങ്ങിയ ശേഷം നിക്ഷേപകരുമായി ബന്ധപ്പെടാൻ തയാറായില്ല.
കൂടാതെ നിരവധി പ്രവാസികളിൽ നിന്ന്കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയാലേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരികയുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.