കണ്ണൂർ: സുപ്രീംകോടതി, ഹൈകോടതി വിധികൾ പ്രകാരം അംഗീകൃത യോഗ്യതയുള്ളവർക്ക് മാത്രമേ പ്രകൃതിചികിത്സക്ക് അനുമതിനൽകാൻ കഴിയുകയുള്ളൂവെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിൽസ് രജിസ്ട്രാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. അംഗീകൃത യോഗ്യതയില്ലാത്ത പരിചയസമ്പന്നരായ പ്രകൃതിചികിത്സകർക്ക് 2021ലെ കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്സ് നിയമപ്രകാരം ചികിത്സാനുമതി നിഷേധിച്ചതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ബി.എൻ.വൈ.എസ് ബിരുദം ഉള്ളവർക്ക് മാത്രമാണ് പ്രകൃതിചികിത്സ നടത്താൻ സർക്കാർ അനുമതിയുള്ളത്. അംഗീകൃത യോഗ്യതയില്ലാത്ത പ്രകൃതിചികിത്സകർക്ക് ബി ക്ലാസ് രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കിയതായി സർക്കാർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിന് ചികിത്സാനുമതി നൽകാനുള്ള പ്രത്യേക അധികാരം 2021ലെ കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷനേഴ്സ് നിയമത്തിലില്ല.
സർക്കാർ ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ നിയമപരമായ തടസ്സമുള്ളതിനാൽ മനുഷ്യാവകാശ കമീഷൻ കേസ് തീർപ്പാക്കി. തളിപ്പറമ്പ് സ്വദേശി എസ്.കെ. മാധവൻ നായരാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.