തൃശൂർ: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ എച്ച് വൺ എൻ വൺ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ നിസാരമാക്കാതെ ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ ചികിത്സ തേടണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വായുവിലൂടെ പകരുന്ന വൈറൽ പനിയാണ് എച്ച് വൺ എൻ വൺ. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ.
തുടക്കത്തിൽ ചികിത്സിച്ചാൽ ഗുരുതരമാകില്ല. ലക്ഷണങ്ങൾ പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റേതെങ്കിലും രോഗമുള്ളവർ തുടങ്ങിയവരിൽ കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം ലക്ഷണങ്ങൾ നിസാരമായി തള്ളി ചികിത്സ വൈകുന്നതാണ് അപകടാവസ്ഥയിൽ എത്താനും മരണം വരെ സംഭവിക്കാനും ഇടയാക്കുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും ‘ഒസൽട്ടാമവീർ’ മരുന്നും ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഇളം ചൂടുള്ള കഞ്ഞിവെള്ളം പോലുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരവും കഴിക്കണം. പൂർണ വിശ്രമമെടുക്കണം. പൊതുയിടങ്ങളിൽ മാസ്ക് ഉപയോഗിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ, മൂക്ക് എന്നിവ തൂവാല കൊണ്ട് മറക്കാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.