കുവൈത്ത് സിറ്റി: ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം (ഐ.പി.എഫ്) കുവൈത്ത് വേൾഡ് ഫാർമസിസ്റ്റ് ഡേ ആഘോഷിച്ചു. ഫഹീൽ ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ കോൺഫറൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറോളം ഇന്ത്യൻ ഫാർമസി പ്രഫഷനൽസ് പങ്കെടുത്തു.
ഐ.പി.എഫ് പ്രസിഡന്റ് കാദർ എം. ഷാജഹാൻ അധ്യക്ഷത വഹിച്ച പരിപാടി ആരോഗ്യ മന്ത്രാലയം ഫർവാനിയ റീജനൽ അഡ്മിനിസ്ട്രേറ്റിവ് കോഓഡിനേറ്റർ ഡോ. സീത റാഹിൽ അൽ ഖാലിദി ഉദ്ഘാടനം നിർവഹിച്ചു.
വിശിഷ്ടാതിഥികളായ ആരോഗ്യ മന്ത്രാലയം ഹവല്ലി ഏരിയ ഫാർമസ്യൂട്ടിക്കൽ വിഭാഗം മാനേജർ ഡോ. അബ്ദുല്ല അൽ മുതൈരി, റോയൽ ഫാർമസി മെഡിക്കൽ ഡയറക്ടർ ഡോ. തലാൽ മിൽഹം, ഐ.പി.എഫ് കുവൈത്തിന്റെ രക്ഷാധികാരി അഷ്ഫാഖ് ഖാൻ എന്നിവർ സംസാരിച്ചു. ഈ വർഷത്തെ വേൾഡ് ഫാർമസിസ്റ്റ് ദിനത്തിന്റെ മുദ്രാവാക്യമായ ‘ഫാർമസി ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നു’ വിഷയത്തിൽ ഐ.പി.എഫ് ഉപദേശക സമിതി വൈസ് ചെയർമാൻ മുഹമ്മദ് ഷബീർ മുഖ്യ പ്രഭാഷണം നടത്തി.
പ്രോഗ്രാം ജനറൽ കൺവീനറും ഐ.പി.എഫ് വൈസ് പ്രസിഡന്റുമായ നിർമൽ ഫെഡറിക്, ഐ.പി.എഫ് പ്രവർത്തനങ്ങളെയും പിന്നിട്ട നാൾവഴികളെയും സമന്വയിപ്പിച്ചുള്ള വിഷ്വൽസ് അവതരിപ്പിച്ചു.
സുഹൈൽ മുഹമ്മദിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു. തുടർന്ന് നടന്ന സംഗീതനിശയിൽ ഐ.പി.എഫ് അംഗങ്ങളായ റബീബ് റഹ്മാൻ, അൻസാരി (പട്ടുറുമാൽ ഫെയിം), കുവൈത്തിലെ ജൂനിയർ ഗായിക സെറാഫിൻ ഫ്രഡ്ഡി തുടങ്ങിയവർ സംഗീത സായാഹ്നം അവിസ്മരണീയമാക്കി. ഐ.പി.എഫ് ജോയന്റ് സെക്രട്ടറി പൗർണമി സംഗീത് നിയന്ത്രിച്ച പ്രോഗ്രാമിന് ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതവും ട്രഷറർ ഹുസൈൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.