പാലക്കാട്: തിളക്കുന്ന പകലിനൊപ്പം ഇടവിട്ടെത്തുന്ന മഴയും കൂടിയായതോടെ പകർച്ചവ്യാധി ജാഗ്രതയിൽ ജില്ല. ഡെങ്കി - എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചക്കിടെ കുത്തനെ ഉയരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 14 ദിവസത്തെ കണക്കുകള്‍ പ്രകാരം 298 പേരാണ് ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സ തേടിയത്. ഇതില്‍ 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. 248 പേര് ലക്ഷണങ്ങളോടെ ചികിത്സതേടിയവരാണ്.
എലിപ്പനി ലക്ഷണങ്ങളോടെ 16 പേരാണ് ചികിത്സ തേടിയത്. ഇതില്‍ അഞ്ച് പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഴവെള്ളം കുഴികളിലും മറ്റും കെട്ടിക്കിടക്കുന്നതുമൂലം ഡെങ്കി ഉൾപ്പെടെയുള്ള കൊതുകുകൾ പെരുകുന്നതും എലികൾക്ക് വളരാനുതകുന്ന മലിനമായ സാഹര്യവുമാണ് പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണം. അതിനാൽ വീടും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതോടൊപ്പം ഭക്ഷ്യവസ്തുക്കളടക്കമുള്ളവ അടച്ച് സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഈ മാസം തുടക്കത്തിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും വേനൽമഴയെത്തിയതോടെ വീണ്ടും വർധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി 714 പേരാണ് വിവിധ ആശുപത്രികളിലായി പനിക്ക് ചികിത്സ തേടിയത്, ആകെ 10,000 പനി ബാധിതർ ഈ കാലയളവിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. രണ്ട് പേർക്ക് മഷ്തിഷ്ക ജ്വരവും ഒന്നുവീതം ചെള്ളുപനിയും എച്ച്1 എന്‍1 രോഗബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശക്തമായ പനി, തലവേദന, പേശിവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ വയറുവേദന, ഛർദ്ദി, ശ്വാസതടസം, തളർച്ച എന്നിവ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, പേശിവേദന, പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, വിറയൽ, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാകുക എന്നവയാണ് ലക്ഷണങ്ങൾ.
ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുക. പുറത്ത് പണിയെടുക്കുന്നവർ മലിനമായതും കെട്ടിനിൽക്കുന്നതുമായ വെള്ളത്തിൽ ഇറങ്ങാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.