മട്ടാഞ്ചേരി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പശ്ചിമകൊച്ചിയിലെ നാല് പ്രധാന ആശുപത്രികളിൽ മൂന്നിന്റെയും പ്രവർത്തനം ദയനീയാവസ്ഥയിൽ. കൊച്ചി മഹാരാജാവിന്റെ കാലത്ത് നിർമിച്ച കരുവേലിപ്പടി ധർമാശുപത്രി, മഹാരാജാസ് ആശുപത്രിയെന്ന പേരിൽ കിതക്കുകയാണ്. 10 വർഷമായി ധർമാശുപത്രിയുടെ ധർമം തന്നെ ഇല്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ രോഗികളും നാട്ടുകാരും പരാതിക്കെട്ടഴിച്ചിരുന്നു. ഇത്രയേറെ പരാതി കേൾക്കേണ്ടി വന്ന മറ്റൊരു ആതുരാലയവും ഇല്ലെന്ന് ഒടുവിൽ മന്ത്രി തന്നെ പറഞ്ഞു.
ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവിൽ വീർപ്പുമുട്ടുകയാണ് കരുവേലിപ്പടി മഹാരാജാസ് ആശുപത്രി. ദിവസവും 600ലധികം രോഗികൾ ഒ.പിയിൽ ചികത്സതേടി എത്തുന്ന ഇവിടെ ഡോക്ടറെ കാണാൻ മണിക്കൂറുകൾ ക്യൂ നിൽക്കണം. ഒന്നോ രണ്ടോ ഡോക്ടർ മാത്രമേ ഒ.പിയിൽ ഉണ്ടാകൂ. 125 കിടക്കകളുണ്ടെങ്കിലും കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം മിക്കവാറും രണ്ടക്കത്തിൽ താഴെയാണ്. ചെറിയ രോഗങ്ങൾക്ക് പോലും എറണാകുളത്തേക്ക് റഫർ ചെയ്യും. ആവശ്യത്തിന് മരുന്ന് ഇല്ലെന്നും പരാതിയുണ്ട്. 55 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. 19 ഡോക്ടർമാർ വേണ്ടിടത്ത് 14 പേരാണുള്ളത്. ആശുപത്രിയിലേക്കുള്ള റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 10 വർഷം മുമ്പ് കൊണ്ടുവന്ന ആറ് ഫ്രീസറുകൾ ഇതുവരെ പെട്ടി പൊട്ടിച്ചിട്ടില്ല. മോർച്ചറിയും പ്രവർത്തനരഹിതം.
ബ്രിട്ടീഷ് ഭരണകാലത്ത് പണിത മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെ നാട്ടുകാർ മദാമ ആശുപത്രിയെന്നാണ് വിളിച്ചിരുന്നത്. ആദ്യകാലത്ത് ബ്രിട്ടനിൽ നിന്നുള്ള നഴ്സുമാരാണ് ഉണ്ടായിരുന്നത്. ഇവിടെ ഡോക്ടറുടെ സേവനം യഥാസമയം കിട്ടുന്നില്ലെന്നാണ് പരാതി. ഗർഭിണികളാണ് ചികിത്സ തേടിയെത്തുന്നതിൽ ഭൂരിഭാഗവും. എന്നാൽ പ്രസവ സമയം അടുക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് മറ്റ് ആശുപത്രികളിലേക്ക് അയക്കും. സ്കാനിങ് മെഷീൻ അടക്കം സംവിധാനമുണ്ടെങ്കിലും ടെക്നീഷ്യനില്ല.
കൊച്ചി മേഖലയിലെ സർക്കാർ ആതുരാലയങ്ങളിൽ സേവനത്തിലും നിലവാരത്തിലും മുന്നിട്ടു നിൽക്കുന്നത് ഫോർട്ടുകൊച്ചി താലൂക്കാശുപത്രിയാണ്. 16 ഡോക്ടർമാരിൽ 15 പേരുമുണ്ട്. ഡയാലിസ് സെൻറർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ സർജന്റെ കുറവ് ശസ്ത്രകിയയെ ബാധിക്കുന്നുണ്ട്.
അത്യാധുനിക ലാബിന്റെ നിർമാണവും രോഗികൾക്ക് ആശ്വാസമാണ്. ഇവിടെയുണ്ടായിരുന്ന പോസ്റ്റ്മോർട്ടം മുറി അടുത്തിടെ പൊളിച്ചുമാറ്റി. വൈപ്പിൻ മദ്യദുരന്തത്തിൽ ഒരു ദിവസം 33 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്ത സ്ഥലമായിരുന്നു. മഹാരാജാസ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം സൗകര്യം ഒരുക്കുമെന്ന മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പള്ളുരുത്തി താലൂക്ക് ആശുപത്രിയുടെ പ്രധാന പ്രശ്നമാണ്. 80 കിടക്കകളുള്ള ഇവിടെ കിടപ്പു രോഗികൾ നാമമാത്രമാണ്. എം. സ്വരാജ് എം.എൽ.എ ആയിരിക്കെ 85 ലക്ഷം അനുവദിച്ച് നിർമിച്ച ഡയാലിസിസ് കെട്ടിടം ഇപ്പോൾ ആടുകൾ കിടക്കുന്ന ഇടമായി. അടുത്തിടെ 65 ലക്ഷം ചെലവഴിച്ച് കെ.ബാബു എം.എൽ.എ കാൻറീൻ കെട്ടിടം പണിതു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.