പുണെ: അനീമിയക്കുള്ള കുത്തിവെപ്പ് നിർത്തിവെക്കാൻ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്.ഡി.എ) രാജ്യത്തെ എല്ലാ ഡ്രഗ് കൺട്രോളർ അതോറിറ്റികളോടും ആവശ്യപ്പെട്ടു. ഒറോഫർ എഫ്.സി.എമ്മിന്റെ മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് ആവശ്യം. കുത്തിവെപ്പ് നൽകിയതിന് പിന്നാലെ മുംബൈയിൽ രോഗി മരിച്ചതിനെ തുടർന്നാണിത്.
മരുന്നിന്റെ പ്രതികൂല പ്രവർത്തനത്തെ തുടർന്ന് മുംബൈയിലെ സൈഫി ആശുപത്രിയിൽ ഒരാൾ മരിച്ചതായി എഫ്.ഡി.എയുടെ പുണെ ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അയേണിന്‍റെ കുറവ് വിളർച്ച എന്നീ ചികിത്സക്ക് വേണ്ടിയാണ് കുത്തിവെപ്പ് നടത്തുന്നത്.
മരുന്നുകൾ തിരിച്ചെടുക്കണമെന്ന് മരുന്ന് നിർമാതാക്കളായ എംക്യൂർ ഫാർമസ്യൂട്ടിക്കൽസിനോട് ആവശ്യപ്പെട്ടതായി എഫ്.ഡി.എ ജോയിന്റ് കമീഷണർ എസ്.പി പാട്ടീൽ പറഞ്ഞു. മരുന്നിന്റെ പ്രതികൂല പ്രവർത്തനം കാരണമാണ് സൈഫി ആശുപത്രിയിൽ ഒരാൾ മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മരുന്നിന്‍റെ പേരിൽ വിപണിയിൽ ഇറങ്ങുന്ന വ്യാജ മരുന്നുകൾ ആയിരിക്കും സംഭവത്തിന് പിന്നിലെന്ന് കമ്പനി വിശദീകരിച്ചു. കമ്പനിയുടെ മരുന്നിന്‍റെ പേരിൽ വ്യാജ മരുന്നുകൾ വിപണിയിൽ വിൽക്കുന്നുണ്ടെന്നും കമ്പനി എഫ്.ഡി.എയോട് പറഞ്ഞു. സംഭവത്തിൽ എഫ്.ഡി.എയുടെ സംഘം അന്വേഷണം തുടരുകയാണെന്നും വിതരണക്കാരിൽ നിന്ന് മരുന്നിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ടെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.