തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ ആശ്രിതരുടെ വിവരങ്ങൾ പുതുക്കാൻ അവസരം. ഡിസംബർ 20നകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അതിനുശേഷം മാറ്റം അനുവദിക്കില്ലെന്നും വ്യക്തമാക്കി ധനവകുപ്പ് സർക്കുലർ പുറത്തിറക്കി.
ജീവനക്കാരും പെൻഷൻകാരും ആശ്രിതരുടേതടക്കം നൽകിയ വിവരങ്ങൾ www.medisep.kerala.gov.in എന്ന സൈറ്റിൽ പരിശോധിക്കണം. വിവരം പൂർണമല്ലെങ്കിലോ തെറ്റുണ്ടെങ്കിലോ ഇപ്പോൾ മാറ്റങ്ങൾ വരുത്താം. ജീവനക്കാർ അത് ഡി.ഡി.ഒ/നോഡൽ ഒാഫിസർ വഴി നിർദിഷ്ട ഫോറത്തിൽ അപേക്ഷിച്ച് മെഡിസെപ് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം. ട്രഷറി ഒാഫിസർമാരെ സമീപിച്ചാണ് പെൻഷൻകാർ തിരുത്തലുകൾ വരുത്തേണ്ടത്.
ഒരു വ്യക്തിക്ക് ഒന്നിലധികം ജീവനക്കാരുടെയോ പെൻഷൻകാരുടെയോ ആശ്രിതരാകാൻ കഴിയില്ല. സർക്കാർ ജീവനക്കാർ/പെൻഷൻകാരായ പങ്കാളികൾ ഒരേ ആശ്രിതരെ രണ്ടുപേരുെടയും ആശ്രിത പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാകണം. നിയമനാംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ നിയമനാംഗീകാരം ലഭിക്കുന്ന മുറക്കേ മെഡിസെപിൽ ഉൾപ്പെടുത്തൂ.
പുനർനിയമിക്കപ്പെട്ട പെൻഷൻകാർ നിലവിൽ സർക്കാർ ജീവനക്കാരുടെ കാറ്റഗറിയിൽ ഉൾപ്പെട്ടുവെങ്കിൽ ഇവരെ പെൻഷൻകാരുടെ കാറ്റഗറിയിൽ മാത്രമായി ഉൾപ്പെടുത്തണം. സർക്കാർ ജീവനക്കാരായിരിക്കെ മെഡിസെപ് െഎ.ഡി ലഭ്യമായവരും നിലവിൽ വിരമിക്കുകയും ചെയ്തവരുടെ വിവരങ്ങൾ ഇപ്പോൾ മെഡിസെപ് ഡാറ്റയിൽ പ്രീമെൻഷണർ മൈഗ്രേഷൻ എന്ന വിഭാഗത്തിലാണ് ലഭ്യമായത്. ഇതിൽ ആവശ്യമായ മാറ്റം വരുത്തും. ആഡ് ന്യൂ ഉപയോഗിച്ച് നേരിട്ടും പെൻഷൻകാരെ മെഡിസെപ്പിലേക്ക് ഉൾപ്പെടുത്താം. ഇതുവരെ ആശ്രിതരുടെ വിവരങ്ങൾ നൽകാത്തവർക്ക് ഇപ്പോൾ അപ്ഡേറ്റ് ചെയ്യാം. പെൻഷൻകാർക്കും അവസരം പ്രയോജനപ്പെടുത്താം. ഇനി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതരെ ചേർക്കാർ അവസരമുണ്ടാകില്ല.
അപേക്ഷ നൽകാത്ത പെൻഷൻകാർ ഡിസംബർ 15നകം ട്രഷറികളിൽ അപേക്ഷ നൽകണം. അപേക്ഷ നൽകാത്ത ജീവനക്കാരെ കണ്ടെത്തി അപേക്ഷ നൽകാൻ നോഡൽ ഒാഫിസർമാർക്കും ഡി.ഡി.ഒമാർക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.