ലണ്ടൻ: ബ്രിട്ടനിൽ കണ്ടെത്തിയ ഒമിക്രോൺ വൈറസിന്‍റെ പുതിയ വകഭേദത്തിന് മറ്റുള്ള വകഭേദത്തേക്കാൾ വ്യാപനശേഷി കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). കോവിഡ് ഇപ്പോഴും ലോകത്ത് ആശങ്കയായി തുടരുകയാണെന്നും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വളരെ നേരത്തെ ആണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ജനുവരി 19നാണ് ബ്രിട്ടനിൽ ബി.എ ഒന്ന്-ബി.എ രണ്ട് വകഭേദങ്ങളുടെ സംയോജിത രൂപമായ എക്സ്ഇ കണ്ടെത്തിയത്. ഇതിന് ബി.എ രണ്ട് വകഭേദത്തേക്കാൽ സമൂഹ വ്യാപനശേഷി 10 ശതമാനം കൂടുതലാണ്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. വ്യാപനത്തിലും രോഗ സ്വഭാവത്തിലും തീവ്രത ഉൾപ്പെടെയുള്ള കാര്യങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ കണ്ടെത്തുന്നതുവരെ എക്സ്ഇ ഒമിക്രോൺ വകഭേദത്തിൽ തന്നെയായിരിക്കുമെന്ന് ജനീവ ആസ്ഥാനമായുള്ള യു.എൻ ഹെൽത്ത് ഏജൻസി പറഞ്ഞു.
പുതിയ വകഭേദം പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളി ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം, ജനുവരിക്കും മാർച്ച് ആദ്യവാരത്തിനും ഇടയിൽ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മാർച്ച് 21 മുതൽ 27 വരെയുള്ള ഒരാഴ്ച രോഗികളുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. എന്നാൽ, ദക്ഷിണ കൊറിയ, ജർമനി, വിയറ്റ്നാം, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.