തിരുവനന്തപുരം: 42 ദിവസത്തെ ഇരട്ട നിരീക്ഷണകാലയളവ് സുരക്ഷിതമായി പൂർത്തിയാക്കിയതോടെ കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യവകുപ്പ്. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പൂര്‍ണമായും നിപ പ്രതിരോധത്തില്‍ വിജയം കൈവരിച്ചതായാണ് വിലയിരുത്തൽ. ഇതിനെതുടർന്ന് നിപയുമായി ബന്ധപ്പെട്ട് ആരംഭിച്ച കണ്ട്രോള് റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു.
നിപ വൈറസ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ 18 കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രത്യേകം തയാറാക്കിയ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കണ്ട്രോള് റൂം ആരംഭിക്കുകയും 12 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കോളജില്‍ 80 റൂമുകള്‍ ഐസോലേഷനായി തയാറാക്കുകയും ചെയ്തിരുന്നു.
36 മണിക്കൂറിനുള്ളില്‍ നിപ പരിശോധനക്കായി പുണെ എൻ.െഎ.വിയുടെ സഹായത്തോടെ പി.ഒ.സി ലാബ് മെഡിക്കല്‍ കോളജില്‍ സജ്ജീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ കമ്യൂണിറ്റി സര്‍വയലന്‍സ് ആരംഭിക്കുകയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അഞ്ച് പഞ്ചായത്തുകളില്‍ (കാരശ്ശേരി, കൊടിയത്തൂര്‍, മാവൂര്‍, മുക്കം, ചാത്തമംഗലം) സർവേ നടത്തുകയും ചെയ്തു.
240 പേരുടെ സമ്പര്‍ക്ക പട്ടികയാണ് ഇക്കാലയളവിൽ റൂട്ട് മാപ്പടക്കം തയാറാക്കിയത്. ഇതിനിടെ മേഖലയിൽനിന്ന് ശേഖരിച്ച ചില വവ്വാലുകളില്‍ വൈറസിനെതിരായ ഐ.ജി.ജി ആൻറിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.