കോഴിക്കോട്: നിപ വ്യാപനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിഞ്ഞതോടെ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിൽ തുറന്നുപ്രവർത്തിക്കും. നിപ ഭീതിയിൽ ഒമ്പതുദിവസം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. നിപ സ്ഥിരീകരിച്ച ആളുകളുമായി സമ്പർക്കപ്പട്ടികയിലുള്ളവരുടെ സാമ്പ്ൾ പരിശോധനഫലം നെഗറ്റിവ് ആയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ ഓൺലൈനിൽനിന്ന് ഓഫ് ലൈനിലേക്ക് മാറ്റിയത്.
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. അതേസമയം കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം തുടരും. കണ്ടെയ്ൻമെന്റ് സോണിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ എ. ഗീത നിർദേശം നൽകി. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളുമാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ തിങ്കളാഴ്ച മുതൽ പതിവുപോലെ എത്തിച്ചേരണം.
സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം നെഗറ്റിവ്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം തുടരണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിപ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധന ഫലം നെഗറ്റിവായി. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. നിപ കാള്‍ സെന്ററില്‍ ഞായറാഴ്ച 37 ഫോണ്‍ കാളുകളാണ് വന്നത്. ഇതുവരെ 1348 പേര് കാള്‍ സെന്ററുമായി ബന്ധപ്പെട്ടു.
കോഴിക്കോട്: രണ്ട് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും സമ്പർക്കപ്പട്ടികയിലുള്ള നാലുപേർക്ക് രോഗം പിടിപെടുകയും ചെയ്തതോടെ നിയന്ത്രണങ്ങളിൽ ഉൾവലിഞ്ഞ ജില്ല, വ്യാപനഭീതിയെ അതിജീവിച്ച് സാധാരണ നിലയിലേക്ക്. സ്കൂളുകൾ ഇന്നുമുതൽ തുറന്നുപ്രവർത്തിക്കുമെന്ന് അറിയിപ്പ് വന്നതോടെ ഇന്നലെ നഗരത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു.
കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവിലും പാളയം സൺഡേ മാർക്കറ്റിലും കോഴിക്കോട് ബീച്ചിലും തിരക്ക് അനുഭവപ്പെട്ടു. നിപ ഭീതിയകന്നതിന്റെ ആശ്വാസത്തിലായിരുന്നു ജനം. നിപഭീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ടൗണുകൾ വിജനമായിരുന്നു. ഇത് ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളെയും ഹോട്ടലുകളെയും പ്രതികൂലമായി ബാധിച്ചു. ബസ് സ്റ്റാൻഡുകളിലടക്കം യാത്രക്കാർ കുറവായിരുന്നു.
കെ.എസ്.ആർ.ടി.സി അടക്കം ട്രിപ്പുകൾ റദ്ദാക്കി. ജില്ലയിൽ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു. കൂടുതൽ നിപ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ വ്യാപനഭീതി ഒഴിഞ്ഞതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കണ്ടെയ്ൻമെന്റ് സോണുകളിലടക്കം ജനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ചു. ഇത്തവണ വ്യാപനത്തിന്റെ തോത് കുറഞ്ഞതും ജനങ്ങൾക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.