മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ രോഗം സംശയിക്കുന്ന വ്യക്തി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും ജില്ലയിൽ തയാറായതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള വ്യക്തിയുടെ സ്രവ സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് നിപ സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്ക പട്ടികയിൽ ജില്ലയിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.
നിപ രോഗം സംശയിക്കുന്നവരെ ഐസോലേഷൻ ചെയ്യാനും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയക്കാനും പ്രത്യേക സംവിധാനങ്ങൾ, മെഡിക്കൽ കോളജ് ആശുപത്രിയിൽ തയാറാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ നിപ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ അവിടെ തന്നെ ഐസോലേഷനിൽ ഇരിത്തുന്നതിനും അവരുടെ സ്രവസാമ്പിൾ ശേഖരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കാനും നിർദേശം നൽകി. സംശയാസ്പദമായ രോഗികളെ കൊണ്ടുപോകാനായി പ്രത്യേകം തയാറാക്കിയ ആംബുലൻസ് ഏർപ്പെടുത്തി.
രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും മറ്റ് സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ പ്രത്യേക സബ് കമ്മിറ്റി രൂപവത്കരിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. നിപ സംബന്ധിച്ച് സംശയനിവാരണം നടത്താനായി ജില്ല മെഡിക്കൽ ഓഫിസിന്റെ നേതൃത്വത്തിൽ 04832734066 എന്ന നമ്പറിൽ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. രോഗം സംശയിക്കുന്നവർക്കും സമ്പർക്ക പട്ടികയിൽ ഇരിക്കുന്നവർക്കും മാനസിക സമ്മർദം കുറക്കുന്നതിനും പിന്തുണ നൽകുന്നതിനുമായി 7593843625 എന്ന ഫോൺ നമ്പറിൽ കൗൺസലിങ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി ജില്ലയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിപ നിരീക്ഷണം ശക്തമാകുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കുകയും നിപ നിയന്ത്രിക്കാനായി പരിശീലനം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.