തൃശൂർ: സ്വകാര്യ ആശുപത്രികളിലും 'നോറോ' വൈറസ് ബാധക്ക് സമാനമായ ചികിത്സ തേടി രോഗികൾ. എന്നാൽ, ഇക്കാര്യം ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് അധികൃതർ. നഗരത്തിലെ ചില ഫ്ലാറ്റുകളിൽ അടക്കം താമസിക്കുന്നവരാണ് സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടിയത്. പത്തിലധികം തവണ വയറിളകിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. വൈറൽ പനി എന്ന് പറഞ്ഞാണ് ഇവരിൽ പലർക്കും ചികിത്സ നൽകിയത്. ഇവരിൽ പലരെയും മരുന്നു നൽകി പറഞ്ഞുവിടുകയാണ് ഉണ്ടായത്. അതേസമയം, വല്ലാതെ ക്ഷീണം ബാധിച്ച മുതിർന്നവർ അടക്കം രോഗികൾ ആശ്വാസമില്ലാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
എന്നാൽ, ഇക്കാര്യം ഇതുവരെ തങ്ങൾ അറിഞ്ഞില്ലെന്ന നിലപാടാണ് ആരോഗ്യ വകുപ്പിനുള്ളത്. ഇത്തരം കാര്യങ്ങൾ അറിയിക്കാതെ വന്നാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതിനിടെ ജില്ലയിലെ മുഴുവൻ സ്റ്റുഡൻറ്സ് ഹോസ്റ്റലുകൾ, അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ എന്നിവ കർശനമായി നിരീക്ഷിക്കാനും എല്ലാ മെഡിക്കൽ ഓഫിസർമാർക്കും നിർദേശം നൽകി.
തൃശൂർ സെൻറ് മേരീസ് കോളജ് ഹോസ്റ്റലിൽ 'നോറോ' വൈറസ് രോഗബാധയുടെ ഉറവിടം അടക്കം കാരണങ്ങൾ അറിയാൻ രണ്ടു ദിവസം കാക്കണം. ഹോസ്റ്റൽ കിണറിലെ വെള്ളത്തിെൻറ പരിശോധന ഫലം തിങ്കളാഴ്ച അറിയും.
കുറച്ച് അപ്പുറം സെപ്റ്റിക് ടാങ്ക് അടക്കമുള്ളതിനാൽ ഇ-കോളിൻ അളവ് സംബന്ധിച്ച കാര്യത്തിലാണ് ആരോഗ്യ വകുപ്പ് തലപുകക്കുന്നത്. ഹോസ്റ്റലിലെ കിണർ ജലമാണ് കുട്ടികൾ ഉപയോഗിച്ചിരുന്നത്. വാട്ടർ അതോറിറ്റിയുടെ െപെപ്പ് വെള്ളമായിരുന്നെങ്കിൽ കാര്യം കൈവിട്ടു പോകുമായിരുന്നു എന്ന നിലപാടണ് അധികൃതർക്കുള്ളത്.
എന്നാൽ, വെള്ളത്തിൽ മാത്രം ഒതുക്കാതെ കുട്ടികളുടെ ഇടകലരലും ഒന്നിച്ചുള്ള സഹവാസവും ഒപ്പം പാത്രങ്ങൾ മാറി മാറി ഉപയോഗിക്കുന്നതുമൊക്കെ പ്രശ്നത്തിന് കാരണമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങൾക്ക് കൃത്യത വരാൻ രണ്ടുദിവസം വേണ്ടി വരുമെന്നാണ് അധികൃതരുടെ അഭിപ്രായം.
ജില്ല ആരോഗ്യ വകുപ്പ് സംഘം പരിശോധിച്ചു
തൃശൂർ: സെൻറ് മേരീസ് കോളജ് ഹോസ്റ്റലിൽ 'നോറോ' വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തത്തിെൻറ അടിസ്ഥാനത്തിൽ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. സ്ഥാപനത്തിെൻറ ശുചിത്വ സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവ വിശദമായി പരിശോധിച്ചു. നിലവിൽ ഇവിടെ 240 വിദ്യാർഥിനികളും 15 ജീവനക്കാരുമാണുള്ളത്. ഇതിൽ 54 കുട്ടികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടു മുതൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. എങ്കിലും ഇവർ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയതിനാൽ ആരോഗ്യ വകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഴിഞ്ഞ 24ന് എട്ടോളം വിദ്യാർഥിനികൾ രോഗബാധിതരായി ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതിനെ തുടർന്നാണ് രോഗവിവരം ആരോഗ്യ വകുപ്പിെൻറ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിക്കുകയും ബാക്ടീരിയ പരിശോധനക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കും വൈറസ് പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ഇതിൽ ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് 'നോറോ' വൈറസ് ബാധ സ്ഥിരീകരിച്ചത്.
സ്ഥാപനത്തിൽ പരിശോധന നടത്തിയ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ബോധവത്കരണ ക്ലാസും ജാഗ്രത നിദേശങ്ങളും നൽകി.
രോഗബാധ നിയന്ത്രണത്തിൽ ആകുന്നതുവരെ ഹോസ്റ്റലിൽനിന്ന് ആരെയും വിടരുതെന്ന നിർദേശവും നൽകി. മറ്റു ജില്ലകളിലുള്ള കുട്ടികൾ വീടുകളിലേക്ക് പോയവർ ഉണ്ടെങ്കിൽ അവരുടെ വിവരങ്ങൾ എല്ലാ ജില്ല മെഡിക്കൽ ഓഫിസുകളിലേക്ക് അറിയിക്കാനും അതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് തടയാനും നടപടി സ്വീകരിച്ചു. പരിശോധനക്ക് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ല സർവൈലൻസ് ഓഫിസർ ഡോ. ബീന മൊയ്തീൻ, ടെക്നിക്കൽ അസി. ഗ്രേഡ് 1 പി.കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ബി. പ്രദീഷ്, വർഗീസ്, മുഹമ്മദ് സാലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.