കോഴിക്കോട്: തുടർച്ചയായി നിപ ബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏകാരോഗ്യം എന്ന ആശയത്തെ അടിസ്ഥാനമാക്കി ആക്ഷൻ പ്ലാൻ ഒരുങ്ങുന്നു. ജില്ലയിൽ മൂന്നാം തവണയും നിപ റിപ്പോർട്ട് ചെയ്യപ്പെടുകയും രണ്ടുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം പ്രകൃതിയുടെയും മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഊന്നൽനൽകി ആരോഗ്യവകുപ്പ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ആരോഗ്യം, വനം, മൃഗസംരക്ഷണം, ഫിഷറീസ്, ആയുർവേദം, ഹോമിയോ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി തയാറാക്കുന്നത്. ഇതിന്റെ ഭാഗമായി ആക്ഷൻ പ്ലാൻ തയാറാക്കാൻ ഓരോ വകുപ്പുകൾക്കും സർക്കാർ നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളെയും ജീവികളെയും കൃത്യമായി നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ഇവയിൽനിന്ന് പകരുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങൾക്ക് യഥാ സമയങ്ങളിൽ ജാഗ്രതാനിർദേശം നൽകുകയുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
വ്യാഴാഴ്ച നടക്കുന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാൻ പരിശോധിച്ച് അന്തിമ രൂപം നൽകും. ജില്ല കലക്ടറായിരിക്കും സമിതി അധ്യക്ഷൻ. സമിതി എല്ലാമാസവും അവലോകനയോഗം കൂടണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.
2021ൽ ജില്ലയിൽ രണ്ടാം തവണ നിപ സ്ഥിരീകരിച്ചപ്പോൾ, നിപബാധിത പ്രദേശങ്ങളിലെ വവ്വാലുകളെയും മറ്റ് ജീവജാലങ്ങളെയും തുടർച്ചായി നിരീക്ഷിക്കുന്നതിനും അവയിൽ നടക്കുന്ന ജനിതക മാറ്റങ്ങളെക്കുറിച്ചും മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തെക്കുറിച്ചും പഠനം നടത്തണമെന്നും ജനങ്ങൾക്ക് പ്രതിരോധ ജാഗ്രതാനിർദേശം നൽകണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഇതിൽ പിന്നീട് തുടർനടപടികളൊന്നും സംസ്ഥാനസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞമാസം ജില്ലയിൽ വീണ്ടും ആറുപേർക്ക് നിപ സ്ഥിരീകരിച്ചതോടെ, ജാഗ്രതാനിർദേശം നൽകുന്നതിൽ ആരോഗ്യവകുപ്പിന് വന്ന വീഴ്ച വ്യാപക ആക്ഷേപത്തിന് ഇടക്കായിരുന്നു.
തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തങ്ങളുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നും വവ്വാലുകളെക്കുറിച്ച് വ്യക്തമായ പഠനം നടത്തി തങ്ങളുടെ ഭീതിയകറ്റണമെന്നും കിഴക്കൻ മലയോരവാസികളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ജില്ലയിൽ ഏകാരോഗ്യം സമിതി രൂപവത്കരിക്കാനും ആക്ഷൻ പ്ലാൻ തയാറാക്കാനും ആരോഗ്യ വകുപ്പ് മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.