ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സെർവിക്കൽ കാൻസറിനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) "സെർവാവാക്" (CERVAVAC) വാക്സിന്‍റെ ഉൽപാദനം 2023 ആദ്യ പാദത്തിൽ ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാർ പൂനാവാലയാണ് ഇക്കാര്യമറിയിച്ചത്.
പുതിയ കെട്ടിടം നിർമിക്കുന്നതിനാലാണ് വാക്സിന്‍റെ ഉൽപാദനം ഒരു വർഷം വൈകുന്നത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) വാക്സിൻ ലൈസൻസ് ലഭിച്ചിട്ടുണ്ട്. 2023ൽ ഉൽപാദനം ആരംഭിച്ച് കഴിഞ്ഞാൽ എച്ച്.പി.സി വാക്‌സിന്‍റെ ഒന്നോ രണ്ടോ ദശലക്ഷം ഡോസുകൾ പ്രതിമാസം സർക്കാരിന് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലേക്കുള്ള എച്ച്.പി.വി വാക്സിന്‍റെ കയറ്റുമതിക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. നടപടികൾ പൂർത്തിയായാൽ 2024ൽ യുനിസെഫിനും ഗാവിക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും വേണ്ടി കയറ്റുമതി ചെയ്യാനാവും. എച്ച്.പി.വി വാക്സിൻ ലഭ്യത കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറവാണെന്നും പൂനാവാല പറഞ്ഞു.
എച്ച്.പി.വി വാക്സിൻ അമിത വില ഈടാക്കില്ലെന്നാണ് പൂനാവാല നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ വില പ്രഖ്യാപിക്കും. ഏകദേശം 200 മുതൽ 400 രൂപ വില വരും. നിർമാണത്തിന് ശേഷം കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്ത് വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.