തിരൂർ: തിരൂർ ജില്ല ആശുപത്രി നിർമിത അവയവ കേന്ദ്രത്തിൽ ഒരു വയസ്സുകാരന് കൃത്രിമക്കാൽ വെച്ച് നൽകി. മലപ്പുറം കോഡൂര്‍ പഞ്ചളി വീട്ടിൽ റഫീഖ്-കമറുന്നീസ ദമ്പതികളുടെ മകൻ റയാനാണ് കൃത്രിമക്കാൽ വെച്ച് നൽകിയത്. പ്രസവിച്ചപ്പോൾ തന്നെ റയാന് വലത്തെ കാലിൽ മുട്ടിന് താഴെയുണ്ടായിരുന്നില്ല. ഈ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് റയാൻ. സൗജന്യമായാണ് തിരൂർ ജില്ല ആശുപത്രി നിർമിത അവയവ കേന്ദ്രത്തിൽനിന്ന് റയാന് വിജയകരമായി കൃത്രിമക്കാൽ വെച്ച് നൽകിയത്.
ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. ബേബി ലക്ഷ്മി, മെഡിക്കൽ ഓഫിസർ ഡോ. ജാവേദ് അനീസ്, ടെക്നീഷ്യന്മാരായ ലിബിൻ ജെയിംസ്, മുഹമ്മദ് മിഷാൽ, കെ.എച്ച്. ആദം, ഫിസിയോതെറപിസ്റ്റ് എം. റാഷിജ്, സി.എം. ഷബാന, നഴ്സുമാരായ സിമിലി ക്ലെമന്റ്, അശ്വനി എന്നിവരുടെ നേതൃത്വത്തിലാണ് കൃത്രിമക്കാൽ പിടിപ്പിച്ചത്. 19 ദിവസം കൊണ്ട് 53 കൃത്രിമക്കാലുകൾ നിർമിച്ച് തിരൂർ ജില്ല ആശുപത്രി പ്രശംസ പിടിച്ചുപറ്റിയിരുന്നു.
രണ്ട് താൽക്കാലിക ജീവനക്കാരും ഒരു ഡോക്ടറും ചേർന്നാണ് 19 ദിവസം കൊണ്ട് 53 കൃത്രിമക്കാലുകൾ നിർമിച്ചത്. ജില്ല പഞ്ചായത്ത് നൽകിയ അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ഇവ നിർമിച്ചത്. സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ വിലയുള്ള ഇവക്ക് ഇവിടെ 2000, 4000 രൂപ വരെ മാത്രമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.