സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ആ​ദ്യ റോ​ബോ​ട്ടി​ക് മ​സ്തി​ഷ്‌​ക ശ​സ്ത്ര​ക്രി​യ

റോബോട്ടിക് മസ്തിഷ്‌ക ശസ്ത്രക്രിയയിൽ വിജയിച്ച് സൗദി

ജുബൈൽ: റോബോട്ടിനെ ഉപയോഗിച്ച് നടത്തിയ മസ്തിഷ്ക ശസ്ത്രക്രിയയിൽ വിജയിച്ച് സൗദി അറേബ്യ. ജിദ്ദ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിലായിരുന്നു ആദ്യ റോബോട്ടിക് മസ്തിഷ്‌ക ശസ്ത്രക്രിയ നടന്നത്. പരമ്പരാഗത ശസ്ത്രക്രിയകളുടെ അപകടസാധ്യതകളും പ്രത്യാഘാതങ്ങളും കുറക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്.

രോഗത്തിന്റെ സാന്നിധ്യമോ അളവോ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതിനായി സാമ്പ്ൾ (ബയോപ്സി) വേർതിരിച്ചെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു ശസ്ത്രക്രിയ. നൂതന സാങ്കേതികവിദ്യയുടെ വിജയകരമായ ഉപയോഗം സൗദിയുടെ ചികിത്സരംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചേക്കും.

ന്യൂറോളജിക്കൽ വിഭാഗം മേധാവി ഡോ. മുഹമ്മദ് ബിൻ മഹ്ഫൂത്ത്, ന്യൂറോ സർജറി കൺസൽട്ടന്റ് ഡോ. സാലിഹ് ബൈസ, ന്യൂറോ സർജറി അസോസിയേറ്റ് കൺസൽട്ടന്റ് ഡോ. അഫ്നാൻ അൽ-ഖഹ്ത്വാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

മസ്തിഷ്‌ക ശസ്‌ത്രക്രിയയിൽ റോബോട്ടിന്റെ ഉപയോഗം ലക്ഷ്യമിടുന്ന പോയന്റുകൾ കൃത്യമായി തിരിച്ചറിയാൻ ഏറെ ഫലപ്രദമാണെന്ന് ഡോ. മഹ്ഫൂത്ത് വിശദീകരിച്ചു. ഇത് പരമ്പരാഗത ശസ്ത്രക്രിയകളിലെ പാർശ്വ സങ്കീർണതകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ്.

സമഗ്രവും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്താൻ വിദഗ്ധരെ റോബോട്ടിന് സഹായിക്കാനാവും. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം മറ്റു ചില രോഗങ്ങളുടെ ചികിത്സക്കുവേണ്ടി വിപുലീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോബോട്ടിക് സർജിക്കൽ സിസ്റ്റത്തിലെ കാമറ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ വിദഗ്ധമായി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്.

സർജറി ടേബിളിനു സമീപം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച കൺട്രോൾ സ്ക്രീനിൽ ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ത്രിമാനത്തിലും ഉന്നത മിഴിവിലുമുള്ള ദൃശ്യം തെളിയും. ആവശ്യമായ ഭാഗം വളരെ വലുപ്പത്തിൽ കാണാനുമാവും. ഇത് കാരണം ശസ്ത്രക്രിയ അപകടരഹിതമായി നടത്താൻ കഴിയും.

Tags:    
News Summary - Saudi successfully conducted robotic brain surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.