നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങുവസൂരിയെന്ന് സംശയിച്ച് നിരീക്ഷണത്തിലാക്കിയ ഏഴ് പേർക്ക് അസുഖമില്ലെന്ന് സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ഇവരുടെ സാമ്പിൾ പരിശോധന ആലപ്പുഴ വൈറോളജി ലാബിലാണ് നടത്തിയത്.
ഇതിനിടെ ശനിയാഴ്ച സൗദിയിൽ നിന്നെത്തിയ യു.പി സ്വദേശിയായ ഒരാളെ കുരങ്ങുവസൂരി ലക്ഷണങ്ങളുമായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തൃശൂര്‍: തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യുവാവ് ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണ്. 21ന് നാട്ടിലെത്തിയ യുവാവ് എന്തുകൊണ്ട് ചികിത്സ തേടാൻ വൈകിയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കുരങ്ങുവസൂരിമൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ല. 21ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്. 27 ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്. എന്തുകൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും. യുവാവിന്റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കുമെന്നും യുവാവിന് മറ്റ് ചില രോഗങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകർച്ച വ്യാധി ആണങ്കിലും കുരങ്ങുവസൂരിക്ക് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്നലെ രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.