തിരുവനന്തപുരം: അർബുദ രോഗികള്‍ കോവിഡ് കാലത്ത് ചികിത്സക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ക്രമീകരണം. കാൻസർ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക അർബുദ ചികിത്സ നല്കാൻ സൗകര്യമൊരുക്കിയത്.
കീമോതെറപ്പി, റേഡിയോതെറപ്പി, മറ്റ് അനുബന്ധ ചികിത്സകള്‍ എന്നിവക്ക് തിരുവനന്തപുരം ആർ.സി.സിയിലോ മലബാര്‍ കാൻസർ സെന്ററിലോ മെഡിക്കല്‍ കോളജുകളിലോ പോകാതെ, തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് ക്രമീകരണം. ആർ.സി.സി, മലബാര്‍ കാൻസർ സെന്റര്‍ എന്നിവയുമായി ചേർന്നാണ് ഈ കേന്ദ്രങ്ങളിലൂടെ ചികിത്സ സാധ്യമാക്കുക.
ആർ.സി.സിയിലും മെഡിക്കല്‍ കോളജുകളിലും ലഭിക്കുന്ന അതേ ചികിത്സ ഇത്തരം കേന്ദ്രങ്ങളിലും നൽകും. ഈ സംവിധാനം ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ എല്ലാ ജില്ലയിലെയും അർബുദ രോഗികള്‍ക്ക് റീജനല്‍ കാൻസർ സെന്ററുകളില്‍ ലഭിച്ചിരുന്ന അതേ ചികിത്സ വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. ഇതുവഴി രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ തടയുന്നതിനും ചികിത്സ പൂര്‍ണമായും ഉറപ്പാക്കാനും സാധിക്കുന്നു.
യാത്ര ഒഴിവാക്കുന്നതിലൂടെ കോവിഡ് രോഗവ്യാപനം ഒഴിവാക്കാനുമാകും. ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ രോഗികളുടെ ചികിത്സാ വിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് ടെലി കോണ്‍ഫറന്‍സ് വഴി നിർദേശിക്കും. തുടര്‍പരിശോധന, കീമോതെറപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.