പാലക്കാട്: കടുത്ത വേനൽച്ചൂടിനൊപ്പം ഇടവിട്ടെത്തുന്ന മഴ കൂടിയായതോടെ പകർച്ചവ്യാധി ജാഗ്രതയിൽ ജില്ല. ഡെങ്കി-എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം ഒരാഴ്ചക്കിടെ കൂടിയെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. എലിപ്പനി ലക്ഷണങ്ങളോടെ നാലുപേരാണ് ചികിത്സ തേടിയത്. മഴവെള്ളം കുഴികളിലും മറ്റും കെട്ടിക്കിടക്കുന്നത് കാരണം ഡെങ്കി ഉൾപ്പെടെയുള്ള കൊതുകുകൾ പെരുകുന്നതും എലികൾക്ക് വളരാനുതകുന്ന മലിനമായ സാഹചര്യവുമാണ് പകർച്ചവ്യാധികൾ വ്യാപിക്കാൻ കാരണം. അതിനാൽ വീടും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളടക്കമുള്ളവ അടച്ച് സൂക്ഷിക്കണമെന്നും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുമാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഡെങ്കിക്കൊപ്പം വൈറൽപനിയും
കഴിഞ്ഞ പത്തു ദിവസത്തിനിടെ ജില്ലയിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 20 പേരാണ് ചികിത്സ തേടിയത്. ഇതിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ തുടക്കത്തിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നെങ്കിലും വേനൽമഴയെത്തിയതോടെ വീണ്ടും വർധിച്ചു. ഒരാഴ്ചക്കിടെ പ്രതിദിനം ശരാശരി 250 പേരാണ് വൈറൽ പനിക്കായി ചികിത്സ തേടുന്നത്. പത്തുദിവസത്തിനിടെ 2584 പേരാണ് ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ 52 പേർ കിടത്തി ചികിത്സയും തേടി.
ഡെങ്കി ലക്ഷണങ്ങൾ
ശക്തമായ പനിയും തലവേദനയും, പേശിവേദന, സന്ധിവേദന, ഛർദി, വയറിളക്കം, വയറുവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ശക്തമായ വയറുവേദന, ഛർദി, ശ്വാസതടസ്സം, തളർച്ച എന്നിവ രോഗലക്ഷണങ്ങളാണ്.
എലിപ്പനി ലക്ഷണങ്ങൾ
കണ്ണിന് മഞ്ഞനിറം, രക്തസ്രാവം, പേശിവേദന, പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, തലവേദന, വിറയൽ, ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറമുണ്ടാകുക എന്നിവയാണ് ലക്ഷണങ്ങൾ.
കരുതലാണ് പ്രധാനം
ആഹാര സാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുകയും ചെയ്യുക. പുറത്ത് ജോലി ചെയ്യുന്നവർ മലിനമായതും കെട്ടിനിൽക്കുന്നതുമായ വെള്ളത്തിൽ ഇറങ്ങാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.