കൊച്ചി: വേനലിനോടടുക്കുന്ന കാലാവസ്ഥയില്‍ ജലജന്യരോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവ പടരാന്‍ സാധ്യതയേറെയായതിനാല് ജനങ്ങള്‍ അതിജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു.
പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി വരും ദിവസങ്ങളില്‍ കുടിവെള്ളം കൊണ്ടുവരുന്ന ടാങ്കര്‍ ലോറികള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണ ശാലകള്‍, കൂള്‍ ബാറുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 2972 പേര്‍ക്ക് വയറിളക്കരോഗങ്ങളും സംശയിക്കുന്ന എട്ട് ടൈഫോയിഡ് കേസും രണ്ടു മഞ്ഞപ്പിത്ത കേസും (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലത്തില്‍ രക്തം കാണുക, അതിയായ വയറിളക്കവും ഛര്‍ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാല്‍ പാനീയ ചികിത്സ നല്‍കുന്നതോടൊപ്പം തന്നെ അടിയന്തര വൈദ്യസഹായം തേടണം.
ദിവസങ്ങളോളം നീളുന്ന പനി, ദേഹവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയിഡിന്റെ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ടാപ്പില്നിന്നുമുള്ള വെള്ളം കുടിക്കുന്നതും വഴിയോരത്തുനിന്ന് ഐസ് വാങ്ങിച്ചു കഴിക്കുന്നതും ടൈഫോയിഡ് പോലെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്നുണ്ട്. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.
പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിനു ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ചു മരണകാരണമായേക്കാം. വയറിളക്ക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ ഉടന്‍ തുടങ്ങണം. ഇതിനായി ഒ.ആര്.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ തയാറാക്കിയ ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം എന്നിവ ഇടക്കിടെ നല്‍കണം.
ശ്രദ്ധിക്കാം ഇവയെല്ലാം
ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം. കുടിവെള്ളം പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കണം. വെള്ളനിറത്തില്‍ കോട്ടിങ് ഉള്ള ടാങ്കുകള്‍ ഉപയോഗിക്കണം. കിണറുകളിലെ വെള്ളവും പരിശോധനക്ക് വിധേയമാക്കുകയും ക്ലോറിനേഷന് ചെയ്യുകയും വേണം. ശൗചാലയമാലിന്യം കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്രദ്ധിക്കണം.
ചടങ്ങുകള്‍ക്കും മറ്റും വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയാറാക്കുകയാണെങ്കില്‍ ശുദ്ധമായ വെള്ളവും ഐസും ഉപയോഗിച്ചാണെന്നും ഉറപ്പുവരുത്തണം. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ഒരു കാരണവശാലും തിളച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ക്കരുത്. പുറമെ നിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തുപോകുമ്പോള്‍ കുടിവെള്ളം കരുതുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.