ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ അവയവമാണ് കൈ. മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ വിപ്ലവകരമായ ഏല്ലാ മാറ്റങ്ങൾക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച അവയവവും ഇതുതന്നെ. കൃഷിപോലുള്ള ജോലികൾ ചെയ്യാനും മറ്റ് പലവിധ നിർമാണ പ്രവർത്തനങ്ങൾ നടത്താനും മാത്രമല്ല സാഹിത്യം, കല, സംഗീതം, അഭിനയം തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിലും വൈകാരിക പ്രകടനങ്ങളിലും കൈകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ, കൈകൾക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും കുറവല്ല. വാതിൽ പാളികൾക്കിടയിൽപ്പെട്ട് വിരലുകൾ ചതഞ്ഞുപോകുന്ന പിഞ്ചുകുഞ്ഞുങ്ങൾ മുതൽ യുദ്ധമുഖത്ത് സ്ഫോടനവസ്തുക്കൾ കൈകാര്യം ചെയ്യുന്ന പട്ടാളക്കാർക്ക് വരെ കൈകൾക്ക് പരിക്കേൽക്കുകയോ അവ നഷ്ടപ്പെട്ടുപോകുയോതന്നെ സംഭവിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് കൈകളുടെ പരിചരണത്തിലും കേടുപാടുകൾ പരിഹരിക്കുന്നതിലും ഗവേഷണങ്ങളും കണ്ടെത്തലുകളുമായി വൈദ്യശാസ്ത്രം വലിയതോതിലുള്ള മുന്നേറ്റങ്ങൾ നടത്തിയത്. അതേസമയം ഈ രംഗത്ത് അടുത്തകാലത്തുണ്ടായ കുതിച്ചുചാട്ടങ്ങളെയും ഫലപ്രദമായ ചികിത്സാമാർഗങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് മാത്രമല്ല, ആരോഗ്യരംഗത്തുള്ളവർക്കുപോലും ആവശ്യമായ അറിവ് ലഭിച്ചിട്ടില്ല എന്നത് ഖേദകരമാണ്.
നിലവിൽ കേരളത്തിലും ആധുനികരീതിയിലുള്ള ‘ഹാൻഡ് സർജറി’ ചികിത്സകൾ ലഭ്യമാണെങ്കിലും ഇത് ഉപയോഗപ്പെടുത്തി, എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോകാൻ സാധ്യതയുള്ള കൈകളുടെ പ്രവർത്തനം വീണ്ടെടുക്കാനും രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കാനും കൂടുതൽ ബോധവത്കരണം ആവശ്യമാണ്. പ്രത്യേകിച്ച് ആശുപത്രിവാസം ഒഴിവാക്കി ഒരു പകൽ സമയംകൊണ്ട് ഇത്തരത്തിലുള്ള നല്ലൊരുശതമാനം ശസ്ത്രക്രിയകളും ചെയ്യാൻ കഴിയുന്ന സാഹചര്യത്തിൽ.
കൈകൾക്കുണ്ടാവുന്ന പ്രശ്നങ്ങൾ
കൈകൾക്കുണ്ടാവുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ബ്രെക്കിയൽ പ്ലെക്സസ് (Brachial plexus) എന്നുവിളിക്കുന്ന കൈകളുടെ തോൾഭാഗവുമായി ബന്ധപ്പെട്ട പരിക്കുകൾ. കഴുത്തിലെ സുഷുമ്നാ നാഡിയിൽനിന്ന് തുടങ്ങി തോൾ, കൈത്തണ്ട, കൈപ്പത്തി എന്നിവയിലെത്തുന്ന ഞരമ്പുകളുടെ ശൃംഖലക്ക് സംഭവിക്കുന്ന തകരാറുകൾ കൈകളുടെ ചലനത്തെ ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നു.
വീഴ്ച, വാഹനാപകടങ്ങൾ തുടങ്ങിയവ മൂലം സംഭവിക്കുന്ന ഇത്തരം പരിക്കുകൾ കൈകളുടെ ബലഹീനത, മരവിപ്പ്, അപൂർവമായി പക്ഷാഘാതം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത്തരം പരിക്കുകൾ തലച്ചോറിൽനിന്ന് കൈകളുടെ പേശികളിലേക്കുള്ള സിഗ്നലുകളുടെ വിനിമയത്തെ തടസ്സപ്പെടുത്തുകയും ചലന നിയന്ത്രണവും മറ്റും തകരാറിലാക്കുകയും ചെയ്യുന്നു.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് ജന്മനാ കൈകൾക്കുണ്ടാവുന്ന വൈകല്യങ്ങൾ (Congenital hand deformities). ഇതിൽ പ്രധാനമായി കണ്ടുവരുന്നത് കൈയിലെ ഘടനാപരമായ പ്രശ്നങ്ങളാണ്. എണ്ണത്തിൽ കൂടുതലോ കുറവോ ആയി കാണപ്പെടുന്ന വിരലുകൾ, വിരലുകളുടെ വലിപ്പത്തിലെ ഏറ്റക്കുറച്ചിലുകൾ, തമ്മിൽ ഒട്ടിപ്പിടിച്ച രൂപത്തിലുള്ള വിരലുകൾ, കൈത്തണ്ടയുടെ വലിപ്പക്കുറവ്, കൈയിലോ കൈത്തണ്ടയിലോ കൈമുട്ടിലോ ഉള്ള ചലനപ്രശ്നങ്ങൾ തുടങ്ങിയവയാണ്.
ശരീരത്തിലെ നാഡീവ്യവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഞരമ്പുകളിൽ ഉണ്ടാവുന്ന സമ്മർദം (Nerve compression) മൂലമുണ്ടാവുന്ന പ്രശ്നങ്ങളും കൈകളുടെ പ്രവർത്തനങ്ങളെ കാര്യമായതോതിൽ പ്രതികൂലമായി ബാധിക്കാറുണ്ട്. തലച്ചോറും നട്ടെല്ലും പോലെയുള്ള കേന്ദ്ര നാഡീവ്യൂഹത്തിൽനിന്ന് കൈകളിലേക്കുള്ള രക്തപ്രവാഹം ഇത്തരത്തിൽ തടസ്സപ്പെടുന്നതോടെ കൈകളിൽ വേദന, മരവിപ്പ്, ബലഹീനത എന്നിവയും ചിലപ്പോൾ പേശീക്ഷതം പോലും സംഭവിക്കാവുന്നതുമാണ്.
കൈപ്പത്തിയും കൈത്തണ്ടയും ചേരുന്ന ഭാഗത്തുള്ള ‘കാർപൽ ടണലി’ലൂടെ കടന്നുപോകുന്ന പെരിഫറൽ നാഡിയിൽ സമ്മർദം ഉണ്ടാകുന്നതോടെ നാഡിയിലൂടെ കൈപ്പത്തിയിലേക്കുള്ള രക്തവിതരണം കുറയുന്ന ‘കാർപൽ ടണൽ സിൻഡ്രോം’ എന്ന രോഗാവസ്ഥയുണ്ടാവുകയും കൈകൾകൊണ്ട് ചെറിയ വസ്തുക്കളെ എടുക്കാനോ മുഷ്ടിചുരുട്ടുന്നതിനോ കുപ്പികളുടെ അടപ്പുകൾ തുറക്കുന്നതിനോ, തുണി പിഴിയുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ക്രമേണ ഈ അവസ്ഥ തള്ളവിരലിന്റെ അടിഭാഗത്തുള്ള പേശികളെ ബാധിക്കുകയും സ്പർശനശേഷിപോലും നഷ്ടമാവുകയും ചെയ്തേക്കാം.
ഇതിനെല്ലാം പുറമെയാണ് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ സംഭവിക്കുന്ന കൈകളുടെ ഗുരുതരമായ പരിക്കുകളും കൈ മുഴുവനായോ വിരലുകളോ അറ്റുപോവാനുള്ള സാധ്യതയും. ആക്രമണങ്ങൾക്കിരയാവുമ്പോഴും വാഹനാപകടങ്ങളിൽ ഉൾപ്പെടുമ്പോഴും ഇത്തരത്തിൽ കൈകൾക്ക് ഗുരുതരമായ അപകടങ്ങൾ സംഭവിക്കാവുന്നതാണ്. അതുപോലെത്തന്നെ സെറിബ്രൽ പാൾസി, പക്ഷാഘാതം എന്നിവമൂലം ശരീരം തളർന്ന രോഗികൾക്ക് കൈകാലുകളുടെ ചലനം വീണ്ടെടുക്കാനും ശസ്ത്രക്രിയകളും ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കൈ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സമീപകാലത്തുണ്ടായ മുന്നേറ്റങ്ങൾ മികച്ച ചികിത്സാഫലങ്ങൾ നൽകുന്നതിനും ചികിത്സാ കാലയളവ് കുറക്കുന്നതിനും വലിയതോതിൽ സഹായിച്ചിട്ടുണ്ട്. റെസലൂഷൻ കൂടിയ എം.ആർ.ഐ, 3-ഡി ഇമേജിങ് എന്നിവ രംഗത്ത് വന്നതോടെ കൈകളുടെ ഘടനകളെക്കുറിച്ചുള്ള വ്യക്തമായ ആന്തരിക ചിത്രങ്ങൾ ലഭിക്കുകയും കൂടുതൽ കൃത്യമായ രോഗനിർണയങ്ങൾക്കും പരിഹാരമാർഗങ്ങൾക്കും വഴികൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി എൻഡോസ്കോപ്പിക് കാർപൽ ടണൽ റിലീസ്, ആർത്രോസ്കോപ്പിക് ജോയന്റ് ചികിത്സകൾ ചെറിയ മുറിവുകളിലൂടെ വേഗത്തിൽ സുഖപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെയാണ് രോഗിയുടെ കൈകൾക്ക് സംഭവിച്ച പരിക്കുകളുടെ പ്രത്യേകതകൾക്കനുസരിച്ച് ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ്ഡ് ഇംപ്ലാന്റുകളും പ്രോസ്തെറ്റിക്സും രംഗത്ത് വന്നിരിക്കുന്നത്.
ഹാൻഡ് സർജറിയിലൂടെ അറ്റുപോയ ശരീരഭാഗങ്ങൾ കൂട്ടിച്ചേർക്കാനും, അവയവങ്ങൾ വീണ്ടെടുക്കാനായില്ലെങ്കിൽ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് അവയവത്തിന്റെ പ്രവർത്തനത്തെ വീണ്ടെടുക്കാനും ഇന്ന് സാധ്യമാണ്. ഉദാഹരണത്തിന് വിരൽ അറ്റ് പോകുകയും തുന്നിച്ചേർക്കാൻ കഴിയാതെ വരുകയും ചെയ്യുകയാണെങ്കിൽ കാലിലെ വിരൽ ഉപയോഗിച്ച് കൈവിരൽ പുനഃസൃഷ്ടിക്കുന്നതും ഈ ചികിത്സയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.