കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ എന്ന സമീപനം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളും മറ്റ് അസുഖങ്ങളും ഒന്നുമില്ലാത്തവര്‍ക്കാണ് ഈ രീതി അഭികാമ്യം. രോഗി പോസിറ്റീവ് ആയതിൻെറ പത്താം ദിവസം വീണ്ടും ആൻറിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവ് റിസല്‍ട്ട് ആണെങ്കിലും ഏഴുദിവസം വീട്ടില്‍ തന്നെ തുടരണം. ആരോഗ്യവകുപ്പ് അധികൃതരുമായി ദിവസേന ടെലഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറണം. രോഗിയും സേവനദാതാവും സുരക്ഷാ മാസ്‌ക് ധരിക്കുകയും ഇടപെടുമ്പോള്‍ സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം.

കുടുംബാംഗങ്ങളുമായും മറ്റു വ്യക്തികളുമായും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കല്‍, ഉറക്കം, മറ്റു സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കണം. വീട്ടിലെ ടിവി, റിമോട്ട്, മൊബൈല്‍ ഫോണ്‍, പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ഉപയോഗിച്ച വസ്ത്രങ്ങള്‍ രോഗിയുടെ ബാത്ത്‌റൂമില്‍ വച്ച് തന്നെ അണുനശീകരണം നടത്തിയ ശേഷം അലക്കി സേവനസഹായിയെ ഏല്‍പിച്ച് വെയിലത്ത് ഉണക്കി ഉപയോഗിക്കാം. രോഗി സ്പര്‍ശിച്ച പ്രതലങ്ങളും വസ്തുക്കളും ഇടയ്ക്കിടെ അണുനാശനം നടത്തി വൃത്തിയാക്കി സൂക്ഷിക്കണം. രോഗി താമസിക്കുന്ന വീട്ടില്‍ ഒരു കാരണവശാലും സന്ദര്‍ശകര്‍ പാടില്ല. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ മാസ്‌ക്, ടൗവ്വല്‍, മറ്റ് ഉപാധികള്‍ ഉപയോഗിക്കണം. കൂടെക്കൂടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ (20 സെക്കൻഡ്) ആല്‍ക്കഹോള്‍ ഘടകമുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.

മുറിയിലെ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കണം. വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തണം. ദിവസേന സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. വിറ്റാമിനുകള്‍, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക (ചെറുനാരങ്ങ, നെല്ലിക്ക, പാഷന്‍ഫ്രൂട്ട്, ഓറഞ്ച്, പേരയ്ക്ക, പപ്പായ, കാരറ്റ്, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍). തിളപ്പിച്ചാറിയ ശുദ്ധജലമോ മറ്റ് പാനീയങ്ങളോ ധാരാളം ഉപയോഗിക്കുക. ദിവസേന 7-8 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതാണ്. രോഗാവസ്ഥ അനുസരിച്ച് ആവശ്യത്തിന് ലഘുവ്യായാമങ്ങള്‍ ചെയ്യാം.

ആരോഗ്യവകുപ്പിൻെറ കിറ്റ്

വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് ആരോഗ്യവകുപ്പ് കിറ്റ് തയാറാക്കിയിട്ടുണ്ട്. പള്‍സ് ഓക്‌സിമീറ്റര്‍, വൈറ്റമിന്‍ സി, മള്‍ട്ടി വൈറ്റമിന്‍ ഗുളികകള്‍, രോഗബാധിതര്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍, രോഗലക്ഷണങ്ങള്‍ വിലയിരുത്തി രോഗി തന്നെ പൂരിപ്പിക്കേണ്ട ഫോറം, സത്യവാങ്മൂലം, മാസ്‌ക്, സാനിറ്റൈസര്‍, വിവിധ ആരോഗ്യസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകള്‍ എന്നിവയടങ്ങുന്നതാണ് കിറ്റ്.

പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, തലവേദന, കിതപ്പ്, ശ്വാസം തിങ്ങല്‍, ശ്വാസതടസ്സം, പേശീവേദന, തൊണ്ടവേദന / അസ്വസ്ഥത, വയറിളക്കം, രുചിയും മണവും തിരിച്ചറിയാതാവുക, ഓക്കാനം, ഛര്‍ദ്ദി, മൂക്കിനും ചുണ്ടിനും നീലനിറം എന്നീ സൂചകങ്ങളാണ് രോഗി സ്വയം വിലയിരുത്തേണ്ടത്. ഇത് നിരീക്ഷണ ചാര്‍ട്ടില്‍ രേഖപ്പെടുത്തി വാട്‌സ് ആപ്പ് മുഖേന മെഡിക്കല്‍ ഓഫിസര്‍ക്ക് അയക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.